police

 റോഡ് സുരക്ഷാ പദ്ധതി തുടക്കത്തിലേ പാളി

കൊല്ലം: റോഡ് സുരക്ഷയ്ക്ക് മോട്ടോർ വാഹനവകുപ്പ് പ്രഖ്യാപിച്ച 'സേഫ് കേരള' പദ്ധതി തുടക്കത്തിലേ ബ്രേക്ക് ഡൗണായി!. റോഡ് ഫണ്ട് ബോ‌ർഡിന്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതി രണ്ടുവർഷം പിന്നിട്ടിട്ടും സംസ്ഥാന- ജില്ലാതല കൺട്രോൾ റൂം,​ പട്രോളിംഗ് സ്ക്വാഡ് എന്നിവ സജ്ജമായില്ല.

ശബരിമല സീസണിൽ അപകടങ്ങൾ കുറയ്ക്കാൻ ആരംഭിച്ച 'സേഫ് സോൺ' മാതൃകയിൽ ആവിഷ്കരിച്ച 'സേഫ് കേരള'യ്ക്ക് കൺട്രോൾ റൂമുകൾക്ക് സ്ഥലം കണ്ടെത്താത്തതും ഉപകരണങ്ങളും വാഹനങ്ങളും നൽകാത്തതുമാണ് പദ്ധതിയെ ചാപിള്ളയാക്കിയത്. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് കെട്ടിടത്തിലാണ് സേഫ് കേരളയുടെ സംസ്ഥാന തല കൺട്രോൾ റൂം. എറണാകുളവും കോഴിക്കോടുമൊഴികെ മറ്റെങ്ങും കെട്ടിടവുമായില്ല.

എം.വി.ഐയും രണ്ട് എ.എം.വി.ഐയും ഡ്രൈവറുമുൾപ്പെടെ 85 സ്ക്വാഡുകൾ വേണ്ടിടത്ത് 34 സ്ക്വാഡിലായി 136 പേരാണ് ആകെയുള്ളത്. ഓരോജില്ലയിലും ആർ.ടി.ഒ കൺട്രോൾ റൂമുണ്ടാകണം. ആർ.ടി.ഒമാരെ കൂടാതെ 65 എം.വി.ഐമാ‌‌ർ, 187 എ.എം.വി.ഐമാർ, 14 ഹെഡ് അക്കൗണ്ടന്റ്, 28 ക്ളാർക്ക് തസ്തികകളും വേണ്ടിവരും. എറണാകുളത്തും കോഴിക്കോടും ഏതാനും ജീവനക്കാരെ നിയമിച്ചതല്ലാതെ കൺട്രോൾ റൂമുകളിലേക്ക് നിയമനമൊന്നുമുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധിയെ തുട‌ർന്ന് ധനവകുപ്പിൽ നിന്ന് ഫയലുകൾ അനങ്ങാത്തതായതോടെ ആർ.ടി.ഓഫീസുകളിൽ വിശ്രമത്തിലാണ് സേഫ് കേരള ജീവനക്കാർ.

പദ്ധതി ലക്ഷ്യം

1. 24 മണിക്കൂറും വാഹന പരിശോധനയുൾപ്പെടെ എൻഫോഴ്സ്മെന്റ് പ്രവർത്തനം

2. അപകടത്തിൽപ്പെടുന്നവർക്ക് 'ഗോൾഡൻ അവറിൽ' ചികിത്സ ഉറപ്പാക്കുക

3. കുറ്റകൃത്യങ്ങൾ കുറയ്ക്കുക, സുരക്ഷിതയാത്ര

4. അമിതവേഗം, സ്കൂൾ സോണിലെ നിയമലംഘനം, അനധികൃത പാർക്കിംഗ് തടയുക

5. ഗതാഗത തടസം പരിഹരിക്കുക,​ തകരാറിലായ വാഹനങ്ങൾ നീക്കുക

6. ജി.പി.എസ് വെഹിക്കിൾ ട്രാക്കിംഗ്, നിരീക്ഷണ കാമറ, വീഡിയോ നിരീക്ഷണം

7. അപകടമേഖലകൾ കണ്ടെത്താൻ റോഡ് ഓഡിറ്റ്

8. ഗതാഗത തടസമുണ്ടായാൽ മേജർ റോഡുകൾ, ബൈപ്പാസ്, ഷോർട്ട് കട്ട് എന്നിവ മനസിലാക്കി ഇലക്ട്രോണിക് ആപ്ളിക്കേഷൻ തയ്യാറാക്കുക

9. റോഡ് സുരക്ഷാ ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുക

10. 2020 ഓടെ അപകടനിരക്ക് അമ്പത് ശതമാനം കുറയ്ക്കുക

പട്രോളിംഗ് സ്ക്വാഡുൾ

വേണ്ടത്: 85

ഇതുവരെ 34

ജീവനക്കർ: 136

''

നിലവിലെ സംവിധാനങ്ങളുപയോഗിച്ച് പരിശോധനകളും നിരീക്ഷണവും നടത്തുന്നുണ്ട്. ജില്ലാതല കൺട്രോൾ റൂമുകൾക്കുള്ള സ്ഥലം കണ്ടെത്തുന്നതിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങൾക്കായി കെൽട്രോണിന്റെ ആറ് കോടിയുടെ പദ്ധതിയും പട്രോളിംഗ് വാഹനങ്ങളും രംഗത്തെത്തുന്നതോടെ പദ്ധതി പൂർണസജ്ജമാകും.

ജോയിന്റ് ട്രാൻ. കമ്മിഷണർ

ട്രാൻ. കമ്മിഷണറേറ്റ്