kadal

 ഭായിമാരുടെ വരവ്, കൊവിഡ് പ്രതിരോധത്തിൽ ആശങ്ക

കൊല്ലം: ട്രോളിംഗ് നിരോധനശേഷം മത്സ്യബന്ധന ബോട്ടുകൾ ഇന്ന് മുതൽ കടലിൽ പോകാനിരിക്കെ അന്യസംസ്ഥാന തൊഴിലാളികൾ ജോലിക്കെത്തിയത് തീരത്ത് കൊവിഡ് വ്യാപന ആശങ്ക ഉയർത്തുന്നു. തമിഴ്നാട് ഉൾപ്പെടെ തീവ്രരോഗവ്യാപന മേഖലകളിൽ നിന്നുള്ള തൊഴിലാളികളുടെ വരവാണ് ആരോഗ്യ പ്രവർത്തകരെയും തീരദേശവാസികളെയും ഭീതിയിലാക്കുന്നത്.

തമിഴ്നാട്ടിലെ കുളച്ചൽ, മാർത്താണ്ഡം, തിരുച്ചിറപ്പള്ളി, കന്യാകുമാരി, പശ്ചിമബംഗാൾ, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് എത്തിയിട്ടുള്ള തൊഴിലാളികളാണ് ബോട്ടുകളിൽ ജോലി ചെയ്യുന്നവരിലധികവും. ബോട്ടുടമകൾ പാസെടുത്തെത്തിച്ച തൊഴിലാളികളെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചിരുന്നു. എന്നാൽ പരിശോധനയില്ലാതെ എത്തിയവരാണ് രോഗഭീഷണി ഉയർത്തുന്നത്.

തീരദേശത്ത് ലക്ഷണം പ്രകടമല്ലാത്തതും ഉറവിടമറിയാത്തതുമായ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ഇത്തരക്കാരുടെ വരവ് സമ്പർക്ക രോഗവ്യാപനത്തിന് ഇടയാക്കും.

ദിവസങ്ങളോളം കടലിൽ തമ്പടിച്ച് മത്സ്യബന്ധനം നടത്താൻ ശേഷിയുള്ള ഫ്രീസർ സംവിധാനമുള്ള കൂറ്റൻ ബോട്ടുകളിൽ പത്തും പന്ത്രണ്ടും പേരാണ് ജോലിക്ക് പോകുന്നത്. സ്രാങ്കും പ്രധാനജോലിക്കാരും സഹായികളുമായി ഇതിൽ പകുതിയും മറുനാട്ടുകാരാണ്.

വ്യാപക ഭീഷണി വലുത്

ഏറ്രവുമധികം മത്സ്യബന്ധന തുറമുഖങ്ങളുള്ള ജില്ലയാണ് കൊല്ലം. വാടി, തങ്കശേരി, ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ എന്നീ തുറമുഖങ്ങളിൽ നിന്നായി ആയിരക്കണക്കിന് ബോട്ടുകളാണ് കടലിൽ പോകുന്നത്. അനുബന്ധ മേഖലയിൽ പണിയെടുക്കുന്നവർ കൂടി ഉൾപ്പെടുമ്പോൾ തൊഴിലാളികൾ പതിനായിരക്കണക്കിനാകും. ഇവരിൽ ആർക്കെങ്കിലും ഒരാൾക്ക് രോഗബാധയുണ്ടായാൽ തിരുവനന്തപുരം കുമരിച്ചന്തയിലുണ്ടായതുപോലെ കൊല്ലം തീരത്തും സമൂഹവ്യാപനത്തിന് വഴിതുറക്കും.

അശങ്കയ്ക്ക് പിന്നിൽ

1. കൊവിഡും ട്രോളിംഗ് നിരോധനവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി

2. അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കിയില്ല

3. ഇതോടെ ക്വാറന്റൈൻ നിരീക്ഷണവും കൊവിഡ് പരിശോധനയും പാളി

4. ഇത്തരക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല

5. ഇതോടെ ഒപ്പം പണിയെടുക്കുന്നവരിലേക്കും തുറമുഖത്തേക്കും രോഗവ്യാപന സാദ്ധ്യത

''

ബോട്ടുകളിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇല്ലാത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ല.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം

''

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തി ക്വാറന്റൈൻ പാലിച്ചവരെയും രോഗമില്ലെന്ന് ഉറപ്പാക്കിയവരെയും മാത്രമേ മത്സ്യ ബന്ധനത്തിന് നിയോഗിക്കാവൂ. നിയമം ലംഘിച്ചാൽ കർശന നടപടിയുണ്ടാകും.

ലേബർ കമ്മിഷണർ (എൻഫോഴ്സ്‌മെന്റ് ), കൊല്ലം