മുഖ്യമന്ത്രിക്ക് നിവേദനം നൽകി
കൊല്ലം: കൊവിഡ‌് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് വ്യാപാരികൾക്ക് മേൽ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. തൊഴിലും ജീവിതവും സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, കളക്ടർ എന്നിവർക്ക് കൊല്ലം ജില്ലാ കമ്മിറ്റി പരാതി നൽകി.
ചെറുകിട, ഇടത്തരം സംരംഭർ നിലനിൽപ്പിനായി പോരാടുകയാണ്. ഇതിനിടെ വ്യാപാരികളെ പൂർണമായി ഒറ്റപ്പെടുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. പ്രദേശിക അടച്ച് പൂട്ടലുകൾ പലപ്പോഴും ഒരു മാസത്തിലേറെ നീളുന്നു. ഇതോടെ വ്യാപാരികളും കുടുംബങ്ങളും വലിയ പ്രതിസന്ധിയിലായി.
ബാങ്ക് പലിശ, കടവാടക, നികുതി ബാദ്ധ്യത എന്നിവ കൂടിയാകുമ്പോൾ വ്യാപാരികൾക്ക് താങ്ങാനാകില്ല. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ നിയന്ത്രണ മേഖലയുടെ വ്യാപ്തി കുറയ്ക്കുമ്പോൾ കൊല്ലത്ത് വാർഡ് അടിസ്ഥാനത്തിൽ കണ്ടെയ്മെന്റ് സോണുകൾ നിശ്ചയിക്കുകയാണ്. മിക്ക ടൗണുകളും ചെറുനഗരങ്ങളും നിയന്ത്രണത്തിന്റെ പേരിൽ അടച്ചിട്ടിരിക്കുന്നു. ഓണവിപണി വിളിപ്പാടകലെ നിൽക്കുമ്പോൾ ചെറുകിട വ്യാപാരി സമൂഹത്തെ ഇല്ലാതാക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വ്യാപാരികളുടെ ആവശ്യം
1. കണ്ടെയ്ൻമെന്റ് സോണിൽ വാർഡുകൾ പൂർണമായി അടച്ചുപൂട്ടരുത്
2. കൊവിഡ് മുൻകരുതലിന്റെ പേരിൽ പ്രദേശങ്ങൾ അടച്ചിടരുത്
3. കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന സ്ഥലത്തിന്റെ 300 മീറ്റർ ചുറ്റളവിൽ അടച്ചിടുക
4. അവശ്യസാധന കടകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുവദിക്കുക
5. അടച്ചുപൂട്ടൽ കാലത്തെ കെട്ടിട വാടകയിൽ ഇളവ് വരുത്തുക
6. മോറട്ടോറിയം കാലത്തെ ബാങ്ക് പലിശ പൂർണമായി ഒഴിവാക്കുക
''
വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങളിൽ നിന്ന് പൊലീസും ബന്ധപ്പെട്ടവരും പിൻമാറണം. വ്യാപാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാനും അവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും നടപടി വേണം. മുഖ്യമന്ത്രിക്ക് പരാതി നൽകി.
എസ്. ദേവരാജൻ, ജില്ലാ പ്രസിഡന്റ്
ജി. ഗോപകുമാർ, ജില്ലാ ജന. സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി