പുനലൂർ : പുനലൂർ ശ്രീരാമവർമ്മപുരം മാർക്കറ്റിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടതനുസരിച്ച് നഗരസഭ ചെയർമാൻ അഡ്വ. കെ. എ. ലത്തീഫിന്റെ അദ്ധ്യക്ഷതയിൽ മാർക്കറ്റിലെ വ്യാപാരികളുടെ യോഗം വിളിച്ചുചേർത്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ്, മുൻ ചെയർമാൻമാരായ എം.എ. രാജഗോപാൽ, കെ. രാജശേഖരൻ, വാർഡ് കൗൺസിലർ അഡ്വ. ബി. സുരേന്ദ്രനാഥ തിലകൻ, പുനലൂർ സി. ഐ. ബിനു വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് മാർക്കറ്റ് റഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചു. നഗരസഭാ ചെയർമാനാണ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ. ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ് ജി. നാഥ്, മുൻ ചെയർമാൻമാരായ എം.എ. രാജഗോപാൽ, കെ. രാജശേഖരൻ, വാർഡ് കൗൺസിലർ അഡ്വ. ബി. സുരേന്ദ്രനാഥ തിലകൻ, പൊലീസ് പ്രതിനിധി, വ്യാപാരികളുടെ പ്രതിനിധികളായി എ. ജാഫർകുട്ടി, ഷിഹാസ് ബി., ബദറുദ്ദീൻ, ഹക്കീം, ട്രേഡ് യൂണിയൻ പ്രതിനിധികളായി എ.ആർ. കുഞ്ഞുമോൻ, ഷാനവാസ് എന്നിവരാണ് അംഗങ്ങൾ.
തീരുമാനങ്ങളിൽ ചിലത്
പുനലൂർ ശ്രീരാമവർമ്മപുരം മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങളിലെഡ്രൈവർമാരും ക്ലീനർമാരും വാഹനത്തിൽ നിന്നും മാർക്കറ്റിലേക്ക് ഇറങ്ങരുത്.ലോഡുമായി വരുന്ന മുഴുവൻ വാഹനങ്ങളും നഗരസഭ അണുവിമുക്തമാക്കും
കയറ്റിറക്ക് ജോലിയിൽ ഏർപ്പെടുന്നവർക്കും കടയിൽ സാധനം എടുത്തു കൊടുക്കുന്നവർക്കും സാനിട്ടൈസറും ഹാൻഡ് വാഷും കടയുടമ നൽകണം . കൊല്ലം ജില്ലയിലെ ഹാർബറിൽ നിന്നുമുള്ള മത്സ്യങ്ങൾ മാത്രമേ ലേലം ചെയ്യാൻ അനുവദിക്കുകയുള്ളൂ. മത്സ്യവുമായി വരുന്ന വാഹനങ്ങൾക്ക് മത്സ്യഫെഡിൽ നിന്നുള്ള പാസ് ഉണ്ടായിരിക്കണം. മത്സ്യലേലത്തിന് എത്തുന്ന എല്ലാ വാഹനങ്ങളും ലേലം കഴിഞ്ഞ് ലേല സ്ഥലത്ത് നിന്നും വർഷ ആഡിറ്റോറിയത്തിന് മുന്നിലൂടെ തിരികെ പോകേണ്ടതാണ്.വീടുകൾ തോറുമുള്ള മീൻ കച്ചവടം നിരോധിച്ചിരിക്കുന്നു.സാമൂഹ്യ അകലം പാലിക്കാതെയോ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചോ കച്ചവടം നടത്തുന്ന കടകളുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതും വ്യാപാരം നിർത്തലാക്കുന്നതുമാണ്.മാർക്കറ്റിലെ കയറ്റിറക്ക് തൊഴിലാളികൾ ലോഡിറക്കി കഴിഞ്ഞാൽ അവർക്ക് നിശ്ചയിച്ച് നൽകിയിട്ടുള്ള വിശ്രമ സ്ഥലത്ത് തന്നെ ഇരിക്കേണ്ടതും ജോലിക്ക് ആവശ്യം വരുമ്പോൾ മാത്രം പോകേണ്ടതുമാണ്.