തിരുവോണത്തിന് ഇനി ഇരുപത് നാൾ
കൊല്ലം: ഓണക്കാലം പടിവാതിൽക്കലെത്തിയിട്ടും ഉന്മേഷമില്ലാതെ നാടും നാട്ടാരും. കേരളത്തിലെ ഏറ്റവും വലിയ വ്യാപാരോത്സവം കൂടിയായ ഓണദിനങ്ങളെ കൊവിഡ് മഹാമാരി കവർന്നെടുത്തു. 2018ലെ പ്രളയകാലത്ത് പോലും കേരള ജനത ഇത്ര പ്രതിസന്ധി അനുഭവിച്ചിട്ടില്ല. അന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവരുടെ സമൃദ്ധിയും സന്തോഷവുമാണ് നഷ്ടമായതെങ്കിൽ ഇക്കുറി ഓണമുണ്ണാനാകാതെ മാവേലിനാടാകെ വേവലാതിയിലാണ്.
കൊവിഡ് കാലത്ത് തുണിക്കട മുതൽ ഹോട്ടൽ വ്യവസായം വരെ പ്രതിസന്ധിയിലായതോടെ ഒട്ടേറെ ജീവനക്കാരെ പിരിച്ചുവിടുകയോ അവധിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തു. നിലവിൽ ഇവരിൽ പലർക്കും തൊഴിലും കൂലിയുമില്ല. കച്ചവടം കുറയുകയും ചരക്കുകൾ വരാതാവുകയും ചെയ്തതോടെ ചുമട്ടുതൊഴിലാളികളും പട്ടിണിയിലാണ്.
ഓണത്തിന് ഒന്നോ രണ്ടോ മാസം മുമ്പേ ആരംഭിക്കുന്ന ഓഫറുകൾ ഇക്കുറി പല വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടില്ല. നിരത്തുകളിൽ മേളകളില്ല, കച്ചവടമില്ല. സർക്കാർ സർക്കാരിതര സ്ഥാപനങ്ങൾ കൊവിഡിൽ നട്ടംതിരിയുകയാണ്. ഖാദി -ഗ്രാമ പ്രദർശനമേള ആരംഭിക്കുകയോ റിബേറ്റ് പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.
കശുഅണ്ടി തൊഴിലാളികൾ പട്ടിണിയിൽ
മലയാളിക്ക് പുതുവർഷം കൂടിയാണ് ചിങ്ങമാസവും ഓണക്കാലവും. എല്ലാ തൊഴിൽ മേഖലകളിൽ നിന്ന് ബോണസും ഓണം ഫെസ്റ്റിവൽ അലവൻസും അഡ്വാൻസും ശമ്പളവുമൊക്കെയായി വലിയൊരു തുകയാണ് കിട്ടുക.
കൊല്ലത്തെ കശുഅണ്ടി തൊഴിലാളികൾക്ക് ഇത്തവണ തൊഴിൽ ദിനങ്ങൾ വളരെ കുറവായിരുന്നു. ലോക്ക്ഡൗൺ കാലം കഴിഞ്ഞിട്ടും പല ഫാക്ടറികളും പ്രവർത്തനമാരംഭിച്ചിട്ടില്ല. ഇക്കാരണത്താൽ ബോണസ് എത്ര കിട്ടുമെന്ന് നിശ്ചയമില്ല. കശുഅണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളുടെ സ്ഥിതിയും ഇതുതന്നെ.
കാർഷിക മേളകൾ കാണാനില്ല
1. കാർഷിക വില്പന കേന്ദ്രങ്ങളോ പച്ചക്കറി ചന്തകളോ ആരംഭിച്ചിട്ടില്ല
2. കൃഷിവകുപ്പിന്റെ ഓണക്കാല പ്രവർത്തനങ്ങൾ തുടങ്ങിയില്ല
3. ഹോർട്ടികോർപ്പിന്റെയും വി.എഫ്.പി.സി.കെയുടെ പ്രവർത്തനം നാമമാത്രം
4. കർഷകരുടെ പ്രാദേശിക വിപണികൾ സജീവം
5. എന്നാൽ കാലവർഷക്കെടുതി തിരിച്ചടിയായി
''
ഓണ വിപണിയിലേക്ക് കൃഷി ചെയ്ത് പാകമാകാറായ വിളകളാണ് കഴിഞ്ഞ പെരുമഴയിൽ നശിച്ചത്. ഇത് വിപണിയെ ബാധിച്ചു. വൻ നഷ്ടമാണ് സംഭവിച്ചത്.
കർഷകർ