കിടപ്പാടവും നഷ്ടപ്പെടുന്ന സ്ഥിതി
കൊല്ലം: തോരാമഴ അടങ്ങിയെങ്കിലും ജില്ലയുടെ തീരദേശങ്ങളിൽ കടലാക്രമണം രൂക്ഷം. കൊവിഡും ട്രോളിംഗ് നിരോധനവും സമ്മാനിച്ച അരപട്ടിണിയിൽ നിന്ന് കരകേറാനൊരുങ്ങുമ്പോഴാണ് കടൽ കലിതുള്ളിയെത്തിയത്.
തീരം കവരുന്ന തിര ശക്തിപ്പെട്ടതോടെ കിടപ്പാടവും നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് പലരും. കൊവിഡ് ഭീതിയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാനും ഇവർ മടിക്കുന്നു. ലോക്ക് ഡൗണിനെ തുടർന്ന് മാർച്ചിൽ അപ്രതീക്ഷിതമായി മത്സ്യബന്ധനം നിറുത്തിയത് മുതലാണ് ദുരിതകാലം തുടങ്ങിയത്. ആഴ്ചകൾക്ക് ശേഷം ട്രോളിംഗ് നിരോധനമെത്തിയെങ്കിലും അൺലോക്ക് വണിന്റെ ഭാഗമായി പരമ്പരാഗത യാനങ്ങൾ മത്സ്യബന്ധനത്തിന് പോയിരുന്നു. ഇതിനിടെ മത്സ്യത്തൊഴിലാളിക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഹാർബറുകൾ അടച്ചു.
കഴിഞ്ഞ രണ്ട് പ്രളയവും ഓഖിദുരന്തവും സമ്മാനിച്ച ദുരിതങ്ങളിൽ നിന്ന് കരകേറാനുള്ള ശ്രമത്തിനിടെയാണ് ഇത്തവണ കഷ്ടകാലം കൊവിഡ് രൂപത്തിലെത്തിയത്. ട്രോളിംഗ് നിരോധന കാലത്തും മറ്റും മുൻകൂട്ടി ഉണക്കി സൂക്ഷിക്കാറുള്ള മത്സ്യം വിറ്റാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അഷ്ടിക്ക് വക കണ്ടെത്തിയിരുന്നത്. ഇത്തവണ മാർച്ചിൽ മത്സ്യബന്ധനം നിറുത്തിവച്ചതോടെ അതിനും കഴിഞ്ഞില്ല. ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കെ വള്ളവും വലകളും തകരാർ പരിഹരിച്ച് കടലിലിറക്കാൻ പോലും പലർക്കും നിവൃത്തിയില്ലാത്ത അവസ്ഥയാണ്.
''
ലോക്ക് ഡൗണിലും ട്രോളിംഗ് നിരോധനത്തിലും തൊഴിൽ നഷ്ടപ്പെട്ട് തീരാദുരിതത്തിലാണ്. കടലാക്രമണത്തിൽ വീടുകളും മത്സ്യബന്ധന ഉപകരണങ്ങളും തകർന്നു.
മണികണ്ഠൻ, പരമ്പരാഗത മത്സ്യത്തൊഴിലാളി, ആലപ്പാട്
''
ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്താൻ പോലും പണമില്ലാത്ത അവസ്ഥയിലാണ്. കടലമ്മ കനിഞ്ഞില്ലെങ്കിൽ ബോട്ടുകാരും പട്ടിണിയിലാകും.
ജാസ്മിൻ ജോസഫ്, ബോട്ടുടമ, കൊല്ലം