കരുനാഗപ്പള്ളി: മഴയ്ക്ക് ഇന്നലെ ശമനമുണ്ടായെങ്കിലും ജനങ്ങളുടെ ദുരിതത്തിന് ശമനമില്ല. ഇന്നലെ മുതൽ വീടുകളിൽ നിന്ന് മഴവെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും താമസിക്കണമെങ്കിൽ ഇനിയും ദിവസങ്ങൾ വേണ്ടിവരും. വീടുകൾക്കുള്ളിൽ അടിഞ്ഞ് കൂടിയ ചെളിയും മറ്റ് മാലിന്യങ്ങളും കഴുകി വീട് വൃത്തിയാക്കിയാൽ മാത്രമേ താമസ യോഗ്യമാവുകയുള്ളൂ. താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും മഴവെള്ളം കെട്ടിനിൽക്കുന്നുണ്ട്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന 14, 19, 20, 26 എന്നീ ഡിവിഷനുകളിലെ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. കൊവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിലുള്ളവർക്ക് പുറത്ത് പോകാനോ പുറത്തുള്ളവർക്ക് ക്യാമ്പിൽ പ്രവേശിക്കാനോ അനുവാദമില്ല. വെള്ളം ഇറങ്ങിത്തുടങ്ങിയാൽ പകർച്ച വ്യാധികൾക്കുള്ള സാദ്ധ്യത കൂടുതലാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വെള്ളക്കെട്ടുകളിൽ ക്ലോറിനേഷൻ നടത്താനുള്ള നീക്കം ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.