കൊല്ലം: റബർ ഷീറ്റ് മോഷ്ടാക്കളെ കണ്ടെത്താനുള്ള കണ്ണനല്ലൂർ പൊലീസിന്റെ അന്വേഷണം അവസാനിച്ചത് കൊല്ലം, ആലപ്പുഴ ജില്ലകളിലായി എണ്ണമറ്റ കവർച്ചകൾ നടത്തിയ സ്ഥിരം മോഷ്ടാക്കളിൽ. കണ്ണനല്ലൂർ ചേരിക്കോണം ഫൈസൽ മൻസിലിൽ ഫൈസൽ (22), വടക്കേ മൈലാക്കാട് അക്കരക്കുന്നത് വീട്ടിൽ ശ്യാംകുമാർ (35) എന്നിവരാണ് അറസ്റ്റിലായത്.
മൊയ്തീൻമുക്ക് ഭാഗത്തെ കെ.സി. ജോൺസന്റെ വീടിന്റെ ടെറസിൽ നിന്ന് 300 റബർ ഷീറ്റുകൾ മോഷണം പോയ സംഭവത്തിലാണ് കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. പ്രതികളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്കുകൾ, വാഹനങ്ങളിലെ ബാറ്ററികൾ, റബർ ഷീറ്റുകൾ തുടങ്ങി കയ്യിൽ കിട്ടുന്നതെന്തും കവരുന്നവരാണെന്ന് തിരിച്ചറിഞ്ഞത്. ഇവർ മുമ്പും ബൈക്ക് മോഷണത്തിന് അറസ്റ്റിലായിട്ടുണ്ട്.
കായംകുളം, എഴുകോൺ എന്നിവിടങ്ങളിൽ നിന്ന് ബൈക്ക് കവർന്നതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവർക്കെതിരെ കുണ്ടറ, കൊട്ടിയം പൊലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ട്. വഴിയോരങ്ങളിലും വീടുകളിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ബാറ്ററികൾ രാത്രിയിൽ ഇളക്കിമാറ്റി വിൽക്കുന്നതും ഇവരുടെ പതിവായിരുന്നു.
മീയന്നൂരിലെ സ്ഥാപനത്തിലായിരുന്നു മോഷ്ടിച്ച ബാറ്ററികൾ സ്ഥിരമായി വിറ്റിരുന്നത്. മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി നടന്നായിരുന്നു മോഷണവും വില്പനയും. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ യു.പി. വിപിനകുമാർ, എസ്.ഐ നിയാസ് എന്നിവർ അറിയിച്ചു.