പത്തനാപുരം: തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ക്ലാർക്കിനും വിളക്കുടി പഞ്ചായത്ത് ഓഫീസിലെ ക്ലാർക്കിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ രാവിലെയാണ് തലവൂരിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വിളക്കുടി പഞ്ചായത്ത് ജീവനക്കാരൻ പരിശോധന നടത്തിയത്.തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാരും ഗ്രാമപഞ്ചായത്ത് ഓഫീസിലെ രണ്ടുപേരും തലവൂർ ആയുർവേദ ആശുപത്രിയിലെ ഏഴ് ജീവനക്കാരും നിരീക്ഷണത്തിൽ പോയി.വിളക്കുടിയിലെ രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുൾപ്പെട്ട പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും നിരീക്ഷണത്തിൽ പോകാനും ആരോഗ്യ വകുപ്പധികൃതർ നിർദേശം നൽകിയിട്ടുണ്ട്.പഞ്ചായത്ത് ഓഫീസും തലവൂർ പ്രാഥമിക ആരോഗ്യ കേന്ദ്രവും അഗ്നിശമന സേനാ പ്രവർത്തകർ അണുനശീകരണം നടത്തി.ഇരുവരും സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഒരുമിച്ചുണ്ടായിരുന്നു.ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളവർക്ക് ഇന്ന് പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.ആശുപത്രി ജീവനക്കാർ നിരിക്ഷണത്തിൽ പോയതോടെ ആശുപത്രി പ്രവർത്തനത്തിനായി സ്റ്റാഫുകളെ നിയമിക്കുമെന്ന് ഡി .എം. ഒ അറിയിച്ചതായി തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാകേഷ് പറഞ്ഞു.