photo
കരനെൽ കൃഷിയിടത്തിൽ മഴവെള്ളം ഒഴുക്കി വിടന്ന സോമരാജൻ

കരുനാഗപ്പള്ളി: തിരക്കിനിടയിലും കൃഷി ചെയ്യാൻ സമയം കണ്ടെത്തി എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ നാട്ടുകാർക്ക് മാതൃകയാകുന്നു. രാപ്പകലില്ലാതെ സമുദായ പ്രവർത്തനവുമായി നടക്കുന്ന സോമരാജന് കൃഷിയും ജീവിതത്തിന്റെ ഭാഗമാണ്. എല്ലാ ദിവസവും ഒരു മണിക്കൂർ അദ്ദേഹം കൃഷി സ്ഥലത്ത് ചെലവഴിക്കും. പുലർച്ചെ 5 മണിക്ക് എഴുന്നേറ്റാൽ അര മണിക്കൂർ നടത്തം. ഒരു മണിക്കൂർ പത്ര വായന. 6.30ഒാടെ തൂമ്പയുമായി കൃഷിയിടത്തിലേക്കിറങ്ങും. ഇതിനിടെ വീട്ടിലെത്തുന്ന ശാഖാ നേതാക്കളുമായി കൃഷി സ്ഥലത്തു വെച്ച് തന്നെ കാര്യങ്ങൾ സംസാരിക്കും. വീടിനോട് ചേർന്നുള്ള ഒരേക്കർ 6 സെന്റ് ഭൂമിയിലാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. വീടിന്റെ വടക്ക് ഭാഗത്തുള്ള 50 സെന്റ് സ്ഥലത്താണ് കരനെൽകൃഷി. പുരയിടത്തിലെ നെല്ല് വിതയ്ക്കലും കളയെടുപ്പും വളം ഇടീലുമെല്ലാം സ്വന്തമായി തന്നെ. കൃഷി ഭവനിൽ നിന്ന് സൗജന്യമായി ലഭിച്ച ഉമ വിത്താണ് കരനെൽ കൃഷിക്കായി ഉപയോഗിച്ചത്. വീടിന്റെ തെക്ക് വശത്ത് ചീനി, ചേന, ചേമ്പ്, വാഴ, കൂവക്കിഴങ്ങ് എന്നിവയും വീടിന്റെ പിന്നിൽ വെണ്ട, തക്കാളി, പച്ചമുളക്, പയർ, വെള്ളരി, മുരിങ്ങയ്ക്കാ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. വീട്ടിലേക്ക് വേണ്ട പച്ചറികൾ വീട്ടുവളപ്പിൽ നിന്നുതന്നെ ലഭിക്കും. ജൈവ വളമാണ് പൂർണമായും ഉപയോഗിക്കുന്നത്. കാർഷിക വിളകൾ അയൽ വാസികൾക്കും ബന്ധുക്കൾക്കുമായി നൽകും. 8 മണിയോടെ വീട്ടിൽ നിന്ന് പുറപ്പെട്ടാൽ ആദ്യം എത്തുന്നത് യൂണിയൻ ഓഫീസിൽ. യൂണിയൻ പ്രവർത്തനങ്ങൾക്ക് ശേഷം തിരികെ വീട്ടിലെത്തുമ്പോൾ രാത്രി ഏറെ വൈകിയിരിക്കും.