ഇരവിപുരം: അർദ്ധരാത്രിയിൽ ബൈക്കിൽ കറങ്ങിനടന്ന് വീടുകളിലും കടകളുടെ പാർക്കിംഗ് ഏരിയയിലും ആശുപത്രി വളപ്പുകളിലും പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്ന സംഘത്തിലെ രണ്ട് യുവാക്കളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള മുള്ളുവിള മൈത്രി നഗർ 20 കടകംപള്ളി വീട്ടിൽ സെയ്ദലി (20), പട്ടത്താനം ചേരിയിൽ മക്കാനി പീപ്പിൾസ് നഗർ 102 മേഴ്സി വില്ലയിൽ അലൻ (19) എന്നിവരാണ് പിടിയിലായത്. സെയ്ദലി നിരവധി അടിപിടി കേസുകളിലും പ്രതിയാണ്.
ഞായറാഴ്ച അർദ്ധരാത്രി എൻ.എസ് സഹകരണ ആശുപത്രിയിലെ ജീവനക്കാരന്റെ ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്. പാലത്തറ, തട്ടാമല, മുള്ളുവിള, ശ്രീരാമപുരം ഭാഗങ്ങളിൽ വീടുകളിൽ സൂക്ഷിച്ചിരിക്കുന്ന ബൈക്കുകളിൽ നിന്ന് രാത്രികാലങ്ങളിൽ പെട്രോൾ നഷ്ടമാകുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതികൾ സഞ്ചരിച്ച ബൈക്കും പെട്രോൾ ഊറ്റുന്നതിനുള്ള കുപ്പികളും പിടിച്ചെടുത്തു.
രൂപമാറ്റം വരുത്തിയ ആഡംബര ബൈക്കുകളിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ കറങ്ങുന്നതാണ് ഇവരുടെ പ്രധാന വിനോദം. പൊലീസ് പരിശോധനകളിൽ വാഹനം നിറുത്താതെ വെട്ടിച്ചുകടക്കുന്ന ഇവർ ലഹരി വസ്തുക്കൾ കടത്തുന്ന വാഹനങ്ങൾക്കായാണ് പെട്രോൾ ഊറ്റുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.