ശാസ്താംകോട്ട: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെ മൈനാഗപ്പള്ളിയിൽ കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന റോഡിന് ഏഴുമീറ്റർ ടാറിംഗ് വേണമെന്നിരിക്കേ മൈനാഗപ്പള്ളിയിൽ പല സ്ഥലങ്ങളിൽ അഞ്ചു മീറ്റർ പോലും വീതി ഇല്ലാത്തതിനാൽ നിരവധി പരാതികൾ ഉയർന്നിരുന്നു. റോഡരികിൽ നിന്ന ഇലക്ട്രിക് പോസ്റ്റുകൾ പോലും നീക്കാതെ ടാറിംഗ് നടത്താൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. തുടർന്ന് മൈനാഗപ്പള്ളി പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്ന് റീ സർവേ നടത്തി കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ, സർവേ, പി. ഡബ്ലിയു.ഡി ഉദ്യോഗസ്ഥരെത്തി ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിന് മുമ്പ് മൈനാഗപ്പള്ളി എൽ.വി.എച്ച്.എസിന് മുന്നിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ഓട ഉൾപ്പടെ പൊളിച്ചു മാറ്റേണ്ട അവസ്ഥയാണ്.