ഇന്നലെ തകർന്നത് 16 വീടുകൾ
കൊല്ലം: പെരുമഴ മാറി വെയിലുദിച്ചെങ്കിലും കൊല്ലം തീരത്തെ ദുരിതമൊഴിയുന്നില്ല. ഇന്നലെ 16 വീടുകളാണ് കൊല്ലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി തകർന്നത്. ഇതിലൂടെ 4.1 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാർത്ഥ നഷ്ടത്തിന്റെ തോത് അതിലേറെ വരും.
കൊവിഡ് പ്രതിസന്ധിയിൽ വറുതിയിലായ തീരത്തേക്ക് പെരുമഴക്കാലത്ത് കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചതോടെ തീരദേശത്തെ ജീവിതം ദുസഹമായി. വീടുകളിലേക്ക് തിരമാലകൾ എത്തിയതോടെ പലരും മാറി താമസിക്കേണ്ടി വന്നു. ഇത്തിക്കരയാർ കരകവിഞ്ഞ് ആദിച്ചനല്ലൂർ മൈലക്കാട്ടെ ജനവാസ മേഖകളിലേക്ക് കുത്തിയൊലിച്ചെത്തിയതിന്റെ ദുരിതം ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഇത്തിക്കരയാർ മുക്കിയ 25 കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ തുടരുകയാണ്. കൊവിഡ് കാലത്തെ ക്യാമ്പ് ജീവിതം ഭയന്ന് ബന്ധുവീടുകളിലേക്ക് മാറിയവരും ധാരാളമുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രളയകാലത്തും ആദിച്ചനല്ലൂർ മൈലക്കാട്ടെ എണ്ണമറ്റ കുടുംബങ്ങൾക്ക് ക്യാമ്പുകളിൽ അഭയം തേടേണ്ടി വന്നിരുന്നു. തീരദേശത്തെ ലക്ഷ്മിപുരം തോപ്പ് ഭാഗത്തെ നിരവധി വീടുകളിൽ നിന്ന് ഇനിയും മഴവെള്ളം വിട്ടൊഴിഞ്ഞിട്ടില്ല. ഇവരെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് താമസം മാറി.
പകർച്ചവ്യാധികളെ സൂക്ഷിക്കണം
മഴവെള്ളം പിൻവലിയുമ്പോൾ വീടുകൾ ശുചിയാക്കുന്നത് വലിയ വെല്ലുവിളിയാകും. വെള്ളക്കെട്ടുകൾ എലിപ്പനി സാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. വെള്ളക്കെട്ടിലൂടെ സഞ്ചരിക്കേണ്ടി വരുന്നവർ നിർബന്ധമായും ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളികകൾ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
6 ദുരിതാശ്വാസ ക്യാമ്പുകൾ, 258 പേർ
കൊല്ലം താലൂക്കിലെ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 96 കുടുംബങ്ങളിലെ 258 അംഗങ്ങൾ താമസിക്കുന്നുണ്ട്. ഇവരിൽ 97 പുരുഷൻമാരും 120 സ്ത്രീകളും 41 കുട്ടികളും ഉൾപ്പെടുന്നു. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്യാമ്പുകൾ...
1. ഇരവിപുരം സെന്റ് ജോൺസ് എച്ച്.എസ്.എസ്: 31 കുടുംബങ്ങളിലെ 37 അംഗങ്ങൾ
2.ആദിച്ചനല്ലൂർ മൈലക്കാട് പഞ്ചായത്ത് യു.പി.എസ്: 25 കുടുംബങ്ങളിലെ 51 അംഗങ്ങൾ
3.പനയം ഗവ. എച്ച് എസ്: 13 കുടുംബങ്ങളിലെ 47 അംഗങ്ങൾ
4. വാളത്തുംഗൽ ബോയ്‌സ് എച്ച്.എസ്: 15 കുടുംബങ്ങളിലെ 38 അംഗങ്ങൾ
5. പട്ടത്താനം വിമലഹൃദയ എച്ച്.എച്ച്.എസ്: 11 കുടുംബങ്ങളിലെ 26 അംഗങ്ങൾ
6.നെടുമ്പന ബഡ്‌സ് സ്‌കൂൾ: ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങൾ