kollam-corporation

കൊല്ലം: നഗരസഭാ കൗൺസിൽ യോഗത്തിന്റെ മിനിട്സ് തിരുത്തിയ സംഭവം ചർച്ച ചെയ്യാൻ സി.പി.ഐ നഗരസഭാ സബ് കമ്മിറ്റി യോഗം ഇന്ന് വീണ്ടും ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ നഗരസഭയുടെ മുഖം രക്ഷിക്കാനുള്ള തിരുത്തൽ നടപടികൾ ജില്ലാ നേതൃത്വം മുന്നോട്ടുവച്ചേക്കും.

മിനിട്സ് താൻ തിരുത്തിയിട്ടില്ലെന്ന് മേയർ പാർട്ടി യോഗങ്ങളിൽ വിശദീകരിക്കുമ്പോഴും കൗൺസിൽ യോഗത്തിന്റേതിന് വിരുദ്ധമായ തീരുമാനം എങ്ങനെ അന്തിമ മിനിട്സിൽ കടന്നുകൂടിയെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥ തലത്തിലാണ് അട്ടിമറി നടന്നതെന്ന് അവ്യക്തമായ ചില വിശദീകരണങ്ങൾ നൽകുമ്പോഴും കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കാനുള്ള അന്വേഷണവും തുടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ മേയർക്കെതിരെ സംഘടനാതലത്തിലുള്ള നടപടിയെടുക്കുന്നതിനൊപ്പം വിവാദ ഭൂമി എത്രയും വേഗം അളന്ന് തിട്ടപ്പെടുത്തി മതിൽ കെട്ടണമെന്ന ആവശ്യം ഇന്നത്തെ യോഗത്തിൽ ഉയർന്നേക്കും. സംഘടനാ നടപടി എന്ന ആവശ്യത്തിന് മറുപടി നൽകിയില്ലെങ്കിലും വിവാദ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്ന് ജില്ലാ നേതൃത്വവും നിർദ്ദേശിച്ചേക്കും.

 ചർച്ചയിലുയരും വിവാദം മാത്രം, സി.പി.ഐ മണ്ഡലം കമ്മിറ്റി യോഗവും ഉടൻ

തദ്ദേശ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച ചേർന്ന നഗരസഭാ പാർട്ടി സബ് കമ്മിറ്റി യോഗത്തിൽ മിനിട്സ് തിരുത്തൽ വിവാദം ചർച്ചയായിരുന്നു. നഗരസഭാ പരിധിയിലെ സി.പി.ഐ ജില്ലാ കൗൺസിൽ അംഗങ്ങളാണ് സബ് കമ്മിറ്റിയിലുള്ളത്. അംഗങ്ങളുടെ ആവശ്യത്തെ തുടർന്നാണ് ആ യോഗത്തിൽ മിനിട്സ് തിരുത്തൽ അജണ്ടയാക്കിയത്. എന്നാൽ ഇന്ന് വിവാദ വിഷയം ചർച്ച ചെയ്യാൻ വേണ്ടി മാത്രമായാണ് യോഗം ചേരുന്നത്. വൈകാതെ തന്നെ പ്രശ്നം ചർച്ച ചെയ്യാൻ സി.പി.ഐ കൊല്ലം മണ്ഡലം കമ്മിറ്റി യോഗവും ചേരും. ഈ യോഗത്തിന്റെ വികാരം കൂടി ഉൾക്കൊണ്ടാകും കുറ്റക്കാർക്കെതിരെയുള്ള സംഘടനാ നടപടിയെക്കുറിച്ച് പാർട്ടി നേതൃത്വം ആലോചിക്കുക.

 മേയർ രാജിവയ്ക്കണം: ആർ.എസ്.പി

കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മിനിട്സ് തിരുത്തിയ സംഭവത്തിൽ മേയർ രാജിവയ്ക്കണമെന്ന് ആർ.എസ്.പി കൊല്ലം മണ്ഡലം സെക്രട്ടറി ആഡ്വ. ആർ. സുനിൽ ആവശ്യപ്പെട്ടു. യോഗം ഐകകണ്ഠ്യേന പാസാക്കിയ അജണ്ട അട്ടിമറിച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണ്. സംഭവം വിജിലൻസ് അന്വേഷിക്കണമെന്നും ആർ. സുനിൽ ആവശ്യപ്പെട്ടു.