കൊല്ലം: മഴ മാറി മാനം തെളിഞ്ഞതോടെ ഓണ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ് കർഷകർ. കാലവർഷക്കെടുതിയിൽ ഒടിഞ്ഞുവീണ വാഴക്കുലകളിൽ മൂപ്പെത്തിയവ ഉപ്പേരി കച്ചവടക്കാർക്കായി വിപണികളിലെത്തിച്ചു. ജില്ലയിലെ പ്രധാന വാഴ കൃഷി മേഖലയായ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിൽ ഇന്നലെ വരെ ടൺ കണക്കിന് വാഴക്കുലകളാണ് മാർക്കറ്റിലെത്തിയത്.
മൂപ്പെത്തുന്നതനുസരിച്ച് വരും ദിവസങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ കുലകൾ വിപണിയിലെത്തും. ഓണക്കച്ചവടം ലാക്കാക്കി ഉപ്പേരി നിർമ്മാണവും ആരംഭിച്ചു. കിലോയ്ക്ക് 30 മുതൽ 40 രൂപവരെ നിരക്കിലാണ് നാടൻ നേന്ത്രക്കായ് വിറ്രുവരുന്നത്. ഓണം അടുക്കുന്നതോടെ വില വീണ്ടും ഉയരാനാണ് സാദ്ധ്യത.
ചീനി വറ്റലിനുള്ള മരച്ചീനി വിപണിയും സജീവമായി. പട്ടാഴി, പത്തനാപുരം, അഞ്ചൽ, ആയൂർ, ഓയൂർ, നെടുവത്തൂർ, ഇടയ്ക്കാട്, മലനട, കൊട്ടാരക്കര, പുത്തൂർ, പാങ്ങോട്, നെടിയവിള, കുന്നത്തൂർ മേഖലകളിൽ മഴക്കെടുതി നേരിട്ട സ്ഥലങ്ങളിൽ നിന്ന് മൂപ്പെത്തിയ ചീനി മാർക്കറ്റുകളിലെത്തിച്ച് തുടങ്ങി. രണ്ട് കിലോയ്ക്ക് 50 രൂപ നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചില്ലറ വിൽപ്പന. ഓണം അടുക്കുന്നതോടെ മരച്ചീനിക്കും ഡിമാൻഡ് കൂടും.
മഴക്കെടുതി അതിജീവിച്ച പച്ചക്കറി വിളവെടുപ്പും തുടങ്ങിയിട്ടുണ്ട്. അച്ചാറിനുള്ള ഇഞ്ചിയാണ് കിഴക്കൻ മേഖലകളിൽ നിന്നുള്ള പ്രധാന വിഭവം. കൂടാതെ പയർ, വെള്ളരി, പടവലം, പച്ചമുളക്, തടിയൻകായ് തുടങ്ങിയവയും പാകമായി വരികയാണ്. ചിങ്ങപ്പിറവിയോടെ ഇവ നാട്ടിൻപുറങ്ങളിലെ വിപണിയിലെത്തും.
നേന്ത്രക്കായ വില: 30 - 40 രൂപ (കിലോ)
കപ്പ രണ്ട് കിലോ: 50 രൂപ
അത്തം പിറന്നാൽ വിളവെടുപ്പ് ഉത്സവം
അത്തം ഉദിക്കുന്നതോടെ ജില്ലയിലെ മിക്ക തോട്ടങ്ങളിലും പച്ചക്കറി വിളവെടുപ്പ് ആരംഭിക്കും. സംസ്ഥാന കൃഷി വകുപ്പിന്റെയും കുടുംബശ്രീ യൂണിറ്റുകളുടെയും നേതൃത്വത്തിലാരംഭിച്ച ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ വിളവെടുപ്പും അത്തപ്പിറവിക്ക് ശേഷം നടക്കും. കാലവർഷത്തിൽ മഴവെള്ളത്തിലായ പാടശേഖരങ്ങളിൽ നിന്ന് വെള്ളം വറ്റിച്ച് തുടങ്ങിയതോടെ ചിങ്ങക്കൊയ്ത്തിനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.
മഴയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും നിർജീവമായിരുന്ന നാളീകേര വിപണിയും ഓണം അടുത്തതോടെ ഉഷാറായി. മഴ മാറിയതോടെ ഗ്രാമങ്ങളിൽ തേങ്ങയ്ക്ക് ഡിമാൻഡേറി. ഓണ ആവശ്യത്തിനായി വെളിച്ചെണ്ണയ്ക്കായി കൊപ്രയാക്കി ആട്ടുന്നവരാണ് ഇപ്പോൾ തേങ്ങ വാങ്ങാനായി തിരക്ക് കൂട്ടുന്നത്.