report
:ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ പത്തനാപുരം മേഖലയിൽ നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ പത്തനാപുരം എം.എൽ.എ കെ ബി ഗണേഷ്‌കുമാറിന് കൈമാറുന്നു

പത്തനാപുരം : പത്തനാപുരം മേഖലയിൽ ഉൾപ്പെടുന്ന 9 സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ ചേർന്നാണ് മേഖലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയ്യെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ നിർദ്ദേശ പ്രകാരം തദ്ദേശ സ്വയം ഭരണ പ്രതിനിധികൾ, ആരോഗ്യ സന്നദ്ധ പ്രവർത്തകർ, ആയുർവേദ ഡോക്ടർമാർ, ആയുർവേദ വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി ആയുർ രക്ഷാ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. ടാസ്ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ എല്ലാ ആയുർവേദ സ്ഥാപനങ്ങളിലും ആയുർരക്ഷാ ക്ലിനിക്കുകൾ പ്രവർത്തിച്ചു വരുന്നു. ഈ ക്ലിനിക്കുകൾ വഴി 4 പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

പദ്ധതികൾ
60 വയസിന് മുകളിലുള്ളവർക്ക് സുഖായുഷ്യം

60വയസിന് താഴെ ഉള്ളവർക്ക് സ്വാസ്ഥ്യം

ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് അമൃതം

കൊവിഡ് 19 ചികിത്സ കഴിഞ്ഞ് വീട്ടിലെത്തുന്നവർക്ക് പുനർജനി

60വയസിന് മുകളിൽ രക്തസമ്മർദ്ദം, ധമനികളിൽ കൊഴുപ്പടിയൽ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ കൂടുതലായി കാണപ്പെടുന്നതു കൊണ്ട് പ്രത്യേക ശ്രദ്ധയോടെയാണ് സുഖായുഷ്യം പദ്ധതി നടപ്പാക്കുന്നത്. കൊവിഡ് 19 ചികിത്സ കഴിഞ്ഞ് വീട്ടിലെത്തുന്നവർക്ക് അവരുടെ ആരോഗ്യം വർദ്ധിപ്പിക്കുവാനുതകുന്ന പ്രത്യേക മരുന്നുകളും പുനർജനി എന്ന പേരിൽ നൽകി വരുന്നു.

മാർച്ച് മുതൽ തുടങ്ങി

തലവൂർ, വെട്ടിക്കവല, പട്ടാഴി, പട്ടാഴി വടക്കേക്കര, പത്തനാപുരം, പിറവന്തൂർ, അച്ചൻകോവിൽ, വിളക്കുടി എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലൂടെ മാർച്ചിൽ കൊവിഡ് 19 രോഗം വ്യാപിച്ചു തുടങ്ങിയപ്പോൾ മുതൽ പ്രതിരോധ മരുന്നുകൾ നൽകി വരുന്നുണ്ട്.ജൂലായ് 31 വരെ പത്തനാപുരം മേഖലയിൽ ആകെ 9350പേർക്കാണ് ആയുർവേദ പ്രതിരോധമരുന്നുകൾ നൽകിയത്. ഓരോ പഞ്ചായത്തിലും ക്വാറന്റൈനിൽ ഇരുന്ന നാനൂറിന് മുകളിൽ ആളുകൾക്ക് പ്രതിരോധ ഔഷധങ്ങൾ നൽകിയിരുന്നു. ഇവരിൽ ആർക്കും തന്നെ കൊവിഡ് പൊസിറ്റീവായി റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

വ്യാപനം തടഞ്ഞു

മേഖലയിൽ കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിന് ആയുർവേദ പ്രതിരോധ മരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്. മേഖലയിലെ എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളും കൊവിഡ് 19 ന്റെ സമൂഹ വ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹായത്തോടെ ശാസ്ത്രീയമായി പ്രവർത്തിച്ചു വരികയാണ്.. ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ പത്തനാപുരം മേഖലയിൽ നടത്തിയ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്‌ മേഖലാ ചെയർമാൻ തലവൂർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അമ്പിളികുമാരിയും കൺവീനർ ഡോ. ഗീതാഞ്ജലി വിനീതും ചേർന്ന് പത്തനാപുരം എം.എൽ.എ കെ ബി ഗണേഷ്‌കുമാറിന് കൈമാറി.