കരുനാഗപ്പള്ളി: മഴപെയ്താൽ വീട് വെള്ളത്തിലാകും. പിന്നെ പുറത്തിറങ്ങാനോ അകത്തിരിക്കാനോ വയ്യാത്ത അവസ്ഥ. ഈ ദുരിതം എന്നു തീരും? കരുനാഗപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്ത് താമസിക്കുന്ന പത്തോളം കുടുംബങ്ങൾ സങ്കടത്തിലാണ്. വർഷങ്ങളായി ഈ വെള്ളക്കെട്ടിലാണ് ഇവരുടെ ജീവിതം. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് തൊട്ട് പിന്നിലാണ് ഈ കുടുംബങ്ങളുടെ താമസം.വർഷത്തിൽ ആറ് മാസം ഇവരുടെ ജീവിതം ദുരിതത്തിലാണ്.
മഴപെയ്താൽ ബന്ധുവീടുകളിലേക്ക്
തുലാ വർഷത്തിലും കാലവർഷത്തിലും ഇവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. മഴ സമയത്ത് പല ഭാഗങ്ങളിൽ നിന്നായി ഒഴുകി എത്തുന്ന മഴവെള്ളം ഇവിടെ തന്നെ കെട്ടി കിടക്കുന്നു. ഇപ്പോൾ മഴ ശമിച്ചിട്ടിലും ഇവരുടെ വീടുകൾക്ക് മുന്നിൽ മുട്ടൊപ്പം വെള്ളമുണ്ട്. വീടുകൾക്കുള്ളിൽ ചെളിയും ഒഴുക്ക് വെള്ളത്തിൽ വന്നടിഞ്ഞ മാലിന്യങ്ങളും കെട്ടിക്കിടക്കുകയാണ്. വീടുകൾക്കുള്ളിൽ നിന്നും വെള്ളം ഇറങ്ങിയയിട്ട് വേണം വീട് വൃത്തിയാക്കി താമസമാക്കാൻ. ഇപ്പോൾ വെള്ളക്കെട്ടിലുള്ളവർ ബന്ധുവീടുകളിലാണ് താമസം.
നീർച്ചാലുകൾ അടയ്ക്കപ്പെട്ടു.
പടനായർകുളങ്ങര ക്ഷേത്രത്തിന് തെക്കുവശമുള്ള പ്രദേശങ്ങളിലെ മഴവെള്ളം ഒഴുകി എത്തുന്നത് ഇവിടെയാണ്. ഇവിടെ നിന്നും തെക്കോട്ടുള്ള നീർച്ചാൽ വഴി ഒഴുകി മഴ വെള്ളം പള്ളിക്കലാറിൽ പതിക്കുമായിരുന്നു. ഒരു പതിറ്റാണ്ടിന് മുമ്പ് വരെ ടൗണിന്റെ കിഴക്കൻ ഭാഗങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഇല്ലായിരുന്നു. ടൗൺ അനുദിനം വികസിക്കാൻ തുടങ്ങിയതോടെ കൂറ്റൻ കെട്ടിടങ്ങൾ ഉയർന്ന് വന്നു. വെള്ളം ഒഴുകി പോകുന്ന പഴയ നീർച്ചാലുകൾ ഒന്നൊന്നായി അടയ്ക്കപ്പെട്ടു. പുറംമ്പോക്ക് ഭൂമിയും പലരും കൈയ്യേറി. ഇതോടെ മഴ സമയത്തുള്ള വെള്ളമൊഴുക്ക് നിലച്ചു. വെള്ളമൊഴുക്ക് തടസപ്പെട്ടതോടെ മഴ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി യുടെ വർക്ക്ഷോപ്പും വെള്ളക്കെട്ടിൽ അമരും. കെ.എസ്.ആർ.ടി.സി - മാർക്കറ്റ് റോഡിൽ പണ്ട് മുതൽ ഉണ്ടായിരുന്ന ഓടയും അടച്ചതോടെ പള്ളിക്കലാറ്റിലേക്കുള്ള വെള്ളമൊഴുക്കും നിലച്ചു.
നഗരസഭയും റവന്യു വകുപ്പും ഇടപെടുന്നില്ല
വെള്ളമൊഴുക്കുമായി ബന്ധപ്പട്ട് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോ നഗരസഭാ അധികൃതരോ വെള്ളം മൊഴുക്കിനെതിരെയുള്ള തടസങ്ങൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നുമില്ല. ഇതിന്റെ എല്ലാം ദുരിതം അനുഭവിക്കേണ്ടി വരുന്നത് ഈ കുടുംബങ്ങളാണ്.
ടൗണിലെ താഴ്ന്ന പ്രദേശമാണിത്.വടക്ക് ഭാഗത്തു നിന്നുള്ള മഴവെള്ളം ഇതു വഴി തെക്കോട്ട് ഒഴുകിയാണ് പള്ളിക്കലാറ്റിൽ പതിക്കുന്നത്. ടൗൺ വികസിച്ചതോടെ നീർച്ചാലുകൾ എല്ലാ നികത്തപ്പെട്ടു. ഇതോടെ ടൗണിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടായിമാറി.വെള്ളം ഒഴുക്കി വിടാൻ ബന്ധപ്പെട്ടവർ ശ്രമിക്കാറില്ല.കൈയ്യേറിയ പുറമ്പോക്ക് ഭൂമി തിരിച്ചെടുക്കുകയും നികത്തപ്പെട്ട നീർച്ചാലുകൾ പുനസ്ഥാപിക്കുകയും ചെയ്താൽ നിലവിലുള്ള പ്രശ്നത്തിന് പരിഹാരമാകും.
ശിവകുമാർ, കേരളകൗമുദി ഏജന്റ്, പടനായർകുളങ്ങര: