market

 മാർക്കറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ ചന്തകളിൽ പൊലീസ് നിയന്ത്രണം. പൊലീസ് ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി കൊല്ലം റൂറൽ പൊലീസ് എല്ലാ ചന്തകളിലും റെഗുലേറ്ററി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കും. വ്യാപാരികൾ, തൊഴിലാളികൾ, ജനപ്രതിനിധികൾ എന്നിവരും അംഗങ്ങളായിരിക്കും.

നിയന്ത്രണങ്ങൾ നടപ്പാക്കാൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർക്കറ്റ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ നിയോഗിക്കും. സ്ക്വാഡിൽ പൊലീസ് ഉദ്യോഗസ്ഥരും കമ്മിറ്റി തിരഞ്ഞെടുക്കുന്ന വോളണ്ടിയർമാരും ഉണ്ടായിരിക്കും. ഇവരുടെ നേതൃത്വത്തിൽ മാർക്കറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

നിയന്ത്രണങ്ങൾ ഇങ്ങനെ

1. മാർക്കറ്റിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് ടോക്കൺ

2. വാഹനങ്ങൾ സമയക്രമം പാലിച്ച് സാധനങ്ങൾ ഇറക്കി പുറത്ത് പോകണം

3. വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കും മുൻപ് അണുവിമുക്തമാക്കണം

4. മാർക്കറ്റിന് പുറത്ത് വ്യാപാര സ്ഥാപനത്തിന്റെ ചുമതലയിൽ പ്രത്യേക പാർക്കിംഗ് സൗകര്യം

5. മാർക്കറ്റിലെത്തുന്നവർ മാസ്‌ക് ധരിക്കണം

6. സാമൂഹിക അകലം പാലിക്കുന്നതിന് ബാരിക്കേഡുകൾ സ്ഥാപിക്കണം

7. വ്യാപാര സ്ഥാപനത്തിനുള്ളിൽ നിൽക്കുന്നവർ ഒരു മണിക്കൂർ ഇടവിട്ട് കൈകൾ സാനിട്ടൈസർ ഉപയോഗിച്ച് ശുചിയാക്കണം

മത്സ്യ വിൽപ്പനയ്ക്കും നിയന്ത്രണം

അന്യസംസ്ഥാനത്ത് നിന്നോ അന്യ ജില്ലകളിൽ നിന്നോ കൊണ്ടുവരുന്ന മത്സ്യങ്ങൾക്ക് വില്പനാനുമതിയില്ല. ജില്ലയിൽ നിന്ന് മത്സ്യം വാങ്ങി വില്പന നടത്തുന്ന വാഹനങ്ങൾക്ക് ഫിഷറീസ് വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റ് നിർബന്ധം. ഫിഷറീസ് വകുപ്പിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളിൽ മത്സ്യവ്യാപാരം അനുവദിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന അതിർത്തിയിലും ജില്ലാ അതിർത്തിയിലും വാഹന പരിശോധന കർശനമാക്കും.

''

കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കാനാണ് നിയന്ത്രണങ്ങൾ. ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.

എസ്. ഹരിശങ്കർ, റൂറൽ ജില്ലാ പൊലീസ് മേധാവി