ഇക്കാലത്തെ ഫാഷൻ ട്രെൻഡുകളിലൊന്നാണ് മൃഗങ്ങളുടെയോ ജീവജാലങ്ങളുടെയോ ഡിസൈനിലുള്ള വസ്ത്രങ്ങൾ. ഇതിൽ ഏറ്റവും ആകർഷകമായതാണ് പാമ്പിന്റെ ഡിസൈനുള്ള വസ്ത്രങ്ങൾ. സ്കാർഫുകളും മറ്റും ഈ ഡിസൈനുകളിൽ വരുന്നുണ്ട്. എന്നാൽ, ഈ ഡിസൈൻ പൊല്ലാപ്പായി മാറിയത് അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഒരു യുവതിക്കാണ്. വാഷിംഗ് മെഷീൻ തുറന്നപ്പോൾ പാമ്പിന്റെ ഡിസൈനുള്ള വസ്ത്രമാണെന്ന് കരുതി. പക്ഷേ, അതു ശരിക്കുമൊരു പാമ്പായിരുന്നു. അതും ഒരു ഉഗ്രൻ പെരുമ്പാമ്പ്.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ താമസിക്കുന്ന എമിലി വിസ്നിക് എന്ന യുവതിയാണ് വാഷിംഗ് മെഷീനിൽ പെരുമ്പാമ്പിനെ കണ്ട് തെറ്റിദ്ധരിച്ചത്. ഒറ്റനോട്ടത്തിൽ പാമ്പിന്റെ ഡിസൈനുള്ള വസ്ത്രമാണെന്ന് കരുതിയ യുവതി, അത് എടുത്തു മാറ്റാൻ ശ്രമിക്കുമ്പോഴാണ് അനങ്ങുന്നത് ശ്രദ്ധിച്ചത്. അപ്പോഴാണ് അത് ജീവനുള്ള ഒരു പെരുമ്പാമ്പാണെന്ന് എമിലി തിരിച്ചറിഞ്ഞത്. താൻ തുണി അലക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന വാഷിംഗ് മെഷീനിൽ എങ്ങനെ പാമ്പ് കയറിയെന്ന് എത്ര ആലോചിച്ചിട്ടും എമിലിക്ക് മനസിലായില്ല. എതായാലും അപ്പാർട്ട്മെന്റിലെ ജീവനക്കാരെ വിളിച്ചുവരുത്തി പാമ്പിനെ അവിടെനിന്ന് നീക്കം ചെയ്യുകയായിരുന്നു.കഴിഞ്ഞ കുറച്ചുകാലായി ഫ്ലോറിഡയിൽ വൻതോതിൽ പെരുമ്പാമ്പുകളെ കണ്ടുവരുന്നുണ്ട്. ഏഷ്യൻ വംശജരായ ബെർമിസ് പെരുമ്പാമ്പുകൾ വൻതോതിൽ പെറ്റുപെരുകിയത് വലിയ വാർത്തയായിരുന്നു. കഴിഞ്ഞ കാലങ്ങളിലായി അയ്യായിരത്തോളം ബെർമിസ് പെരുമ്പാമ്പുകളെ ഫ്ലോറിഡയിലെ എവർഗ്ലേഡിൽനിന്ന് പിടികൂടിയിരുന്നു. ബർമീസ് പാമ്പുകളുടെ എണ്ണം കൂടുന്നത് ഫ്ലോറിഡയിലെ ആവാസ വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. ഇവിടത്തെ പല ജീവജാലങ്ങളെയും ഇവ ആഹാരമാക്കാൻ തുടങ്ങിയതോടെയാണ് ആ വാസ വ്യവസ്ഥ തകരാറിലായത്.