പരവൂർ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും ഫുഡ് സേഫ്ടി അധികൃതരും നടത്തിയ മിന്നൽ പരിശോധനയിൽ പരവൂർ കരടിമുക്കിൽ നിന്ന് 15 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യ വില്പനയ്ക്കായി ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
മത്സ്യബന്ധനം നിരോധിച്ചതിനെ തുടർന്ന് പരവൂർ, പൂതക്കുളം, മുക്കട, കലയ്ക്കോട്, ചിറക്കര പ്രദേശങ്ങളിൽ വാഹനങ്ങളിൽ എത്തിച്ചുള്ള മത്സ്യവ്യാപാരം പതിവായിരുന്നു. കാഴ്ചയിൽ പഴക്കം തോന്നിക്കില്ലെങ്കിലും ദിവസങ്ങൾ പഴക്കമുള്ള മത്സ്യമാണ് ഇപ്രകാരം വില്പനയ്ക്കെത്തിച്ചിരുന്നത്. പൂതക്കുളത്തും സമീപ പ്രദേശങ്ങളിലും പഴകിയ മത്സ്യം വിൽക്കുന്നതായുള്ള രഹസ്യവിവരം പൊലീസിനും സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐക്കും ലഭിച്ചിരുന്നു.
ഇതേതുടർന്നാണ് ഇന്നലെ രാവിലെ ഇൻസ്പെക്ടർ ആർ. രതീഷിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്ടി അധികൃതർ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. പഴകിയ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇവ നശിപ്പിച്ചു. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഇൻസ്പെക്ടർ ആർ. രതീഷ് പറഞ്ഞു.