nl
തൊഴിലുറപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ( ഫയൽ ചിത്രം)

തഴവ: കൊവിഡ് പ്രതിസന്ധി കടുത്തതോടെ തൊഴിൽ നഷ്ടപ്പെട്ട ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇക്കുറി ഓണത്തിന് സങ്കടവും, ദാരിദ്ര്യവും മാത്രം. ഇക്കഴിഞ്ഞ മാർച്ച് അവസാനം ലോക്ക് ഡൗൺ നിലവിൽ വന്നതോടെയാണ് തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായത്. പിന്നീട് പദ്ധതി പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഒരു വാർഡിൽ ഒരു ദിവസം പരമാവധി ഇരുപത് പേർക്കാണ് തൊഴിലെടുക്കുവാൻ അവസരം നൽകിയത്. ഇവരിൽ തന്നെ അറുപത് വയസിന് മുകളിൽ പ്രായമുള്ള തൊഴിലാളികളെ പൂർണമായും ഒഴിവാക്കുകയും ചെയ്തു.ഇതോടെ പ്രായം ചെന്ന തൊഴിലാളികൾ പദ്ധതിയിൽ നിന്നും പൂർണമായും ഒഴിവായ അവസ്ഥയിലായി.

അറുപത് കഴിഞ്ഞവർക്ക് ജോലിയും കൂലിയും നഷ്ടം

കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ ഭൂരിഭാഗം വാർഡുകളിലും നൂറോളം പേരാണ് തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിക്കുന്നത്. ഒരു ദിവസം ഇരുപത് തൊഴിലാളികൾ എന്ന നിലയിൽ നിജപ്പെടുത്തിയപ്പോൾ അർഹമായി ലഭിക്കേണ്ട തൊഴിൽ ദിനത്തിൽ ഗണ്യമായ കുറവാണുണ്ടായത്. കൂടാതെ പ്രായം ചെന്ന തൊഴിലാളികൾ ജോലിയും, കൂലിയും നഷ്ടമായ സ്ഥിതിയിലുമായി.

ആനുകൂല്യങ്ങളില്ല

ദേശീയ തൊഴിലുറപ്പ് പ്രവർത്തകരിൽ അറുപത് ശതമാനത്തിലധികം പേരും നിയമാനുസൃതമായി മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡ് ഉടമകളാണ്. അതിനാൽ ലോക്ക് ഡൗൺപ്രതിസന്ധി മറികടക്കുവാൻ സർക്കാർ നൽകിയ യാതൊരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കാത്ത അവസ്ഥയുണ്ടായി. കൂടാതെ തൊഴിൽ നഷ്ടപ്പെട്ട പ്രായം ചെന്ന തൊഴിലാളികളെ പരിഗണിക്കുവാൻ പോലും അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചില്ല.

സാമ്പത്തിക സഹായം വേണം

സംസ്ഥാനത്തെ എല്ലാ തൊഴിൽ മേഖലകളിലുള്ളവർക്കും വിവിധ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിച്ചപ്പോഴും ദേശീയ തൊഴിലുറപ്പ് പ്രവർത്തകരെ ഒരു തൊഴിൽ വിഭാഗമായി പരിഗണിക്കുവാൻ പോലും സർക്കാർ തയ്യാറായില്ല.

ഓണത്തോട് അനുബന്ധിച്ച് കഴിഞ്ഞ പ്രവൃത്തി വർഷം നൂറ് ദിവസം തൊഴിലെടുത്തവർക്ക് ആയിരം രൂപവിതം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ ഭൂരിഭാഗം തൊഴിലാളികൾക്കും പരമാവധി എഴുപത്തി അഞ്ച് പ്രവർത്തി ദിവസങ്ങൾ മാത്രമാണ് ലഭിച്ചത്.

നിലവിലെ സാമുഹ്യ-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് തൊഴിലുറപ്പ് പ്രവർത്തകർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.