കൊല്ലം: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കുള്ള 20,000 കോടിയുടെ കേന്ദ്ര പദ്ധതിയിൽ കശുഅണ്ടി വ്യവസായത്തിന് പ്രത്യേക പരിഗണന നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഉറപ്പ് നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. 2014 മുതലുള്ള കശുഅണ്ടി വ്യവസായ മേഖലയിലെ എൻ.പി.എ വായ്പകൾ പദ്ധതി പരിധിയിൽ ഉൾപ്പെടുത്തി ആശ്വാസം അനുവദിക്കണമെന്ന നിർദ്ദേശം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര പാക്കേജിൽ കശുഅണ്ടി മേഖലയ്ക്കായി പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനവും നൽകി.
834 രജിസ്റ്റേർഡ് കശുഅണ്ടി ഫാക്ടറികളിൽ 700 ഉം അടഞ്ഞുകിടക്കുകയാണ്. 185 ഓളം ഫാക്ടറികൾ എൻ.പി.എ ആയിട്ടുള്ളതും 75 എണ്ണം എൻ.പി.എയിലേയ്ക്ക് നീങ്ങുകയുമാണ്. പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ബഹുഭൂരിപക്ഷം സ്ത്രീ കശുഅണ്ടി തൊഴിലാളികളുടെയും ഉപജീവനം വഴി മുട്ടുമെന്നും എം.പി ചൂണ്ടിക്കാട്ടി.