vallam
പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വാടി കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോകുന്നു ഫോട്ടോ: ഡി. രാഹുൽ

 അര മണിക്കൂറിൽ വള്ളം നിറയെ മത്സ്യം

കൊല്ലം: സമയം നാല് തികഞ്ഞപ്പോൾ അവരൊന്നിച്ച് വള്ളങ്ങൾ തിരയിലേക്ക് തള്ളിയിറക്കി. കടലമ്മയെ പ്രാർത്ഥിച്ച് കരകാണാ കടലിലേക്ക് പാഞ്ഞു. കരയിൽ കാത്തിരുന്ന മുക്കുവത്തിമാർ കരുതി കണവന്മാർ രാത്രി വൈകിയെ മടങ്ങിവരുള്ളുവെന്ന്. പക്ഷെ തിരയെ കീറിമുറിച്ച് അര മണിക്കൂർ തികയും മുൻപെ അവർ മടങ്ങിയെത്തി. വല നിറയെ കോളുമായി. ഒരുമാസത്തിലേറെയായി ഉറങ്ങിക്കിടന്ന തീരങ്ങളിൽ വീണ്ടും അരവം ഉയർന്നു.

രാത്രി 9 ഓടെയെ വള്ളങ്ങൾ മടങ്ങിയെത്തുള്ളുവെന്ന കണക്കുകൂട്ടലിലായിരുന്നു സർക്കാർ വകുപ്പുകൾ. അതുകൊണ്ട് തന്നെ ലേലത്തിനുള്ള നടപടികൾ പൂർത്തിയായിരുന്നില്ല. വള്ളങ്ങൾ പാഞ്ഞുവരുന്നത് കണ്ടതോടെ ഹാർബറുകൾ ഉണർന്നു. വൈകിട്ട് അഞ്ചോടെ പോർട്ട് കൊല്ലം ഹാർബറിൽ മത്സ്യവില്പന ആരംഭിച്ചു. വൈകാതെ മറ്റ് ലാൻഡിംഗ് സെന്ററുകളിലും വള്ളങ്ങൾ മടങ്ങിയെത്തി. ഹാർബറിൽ നിന്ന് സമയം കളയാതെ ഒട്ടുമിക്ക വള്ളക്കാരും വീണ്ടും വീണ്ടും കോള് കോരി മടങ്ങിയെത്തി.

പണ്ടത്തെപ്പോലെയല്ല, സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ഒറ്റ അക്ക രജിസ്ട്രേഷൻ നമ്പരുള്ള വള്ളങ്ങളും ബോട്ടുകളുമാണ് ജില്ലയിലെ വിവിധ ഹാർബറുകളിൽ നിന്ന് കരയ്ക്കടുപ്പിക്കൽ കേന്ദ്രങ്ങളിൽ നിന്നും ഇന്നലെ കടലിൽ പോയത്. കൊല്ലം തീരത്തെ വള്ളങ്ങൾ വൈകിട്ടോടെ പോയെങ്കിലും. ശക്തികുളങ്ങരയിലെ ബോട്ടുകളും അഴീക്കലിലെയും നീണ്ടകരയിലെയും വള്ളങ്ങളിൽ ഭൂരിഭാഗവും അർദ്ധരാത്രിയോടെയാണ് മത്സ്യബന്ധനം ആരംഭിച്ചത്.

ഇന്നലെ പോയ വള്ളങ്ങൾ

വാടി: 76

തങ്കശേരി: 64

പോർട്ട് കൊല്ലം: 142

മൂതാക്കര: 95

ജോനകപ്പുറം: 35

നീണ്ടകര: 100

ശക്തികുളങ്ങര: 400 (ബോട്ടുകൾ)

അഴീക്കൽ: 340 (ബോട്ടുകളും വള്ളങ്ങളും)

വല നിറച്ചത് കടലിന്റെ ശാന്തത

ഏറെ നാളായി വള്ളങ്ങളും ബോട്ടുകളുമിറങ്ങാതെ കടൽ ശാന്തമായി കിടക്കുന്നതാണ് കൊല്ലം തീരത്ത് വള്ളങ്ങൾക്ക് ഏറെ ദൂരം താണ്ടാതെ തന്നെ മത്സ്യക്കൂട്ടത്തെ കാണാൻ കഴിഞ്ഞത്. കഴിഞ്ഞമാസം ആറിനാണ് ജില്ലയിൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചത്. ജൂൺ 9ന് ട്രോളിംഗ് നിരോധനവും നിലവിൽ വന്നു. കുറ്റ, താട, ചാള തുടങ്ങിയ മത്സ്യങ്ങളാണ് പ്രധാനമായും ലഭിച്ചത്. വരും ദിവസങ്ങളിലും കാര്യമായി മത്സ്യം ലഭിക്കാനാണ് സാദ്ധ്യത.