aana

കൊല്ലം: നാട്ടാനകളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കേരളത്തിൽ ആനകൾക്കായി പ്രത്യേക പ്രജനന കേന്ദ്രവും മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളും വേണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക ഗജ ദിനവുമായി ബന്ധപ്പെട്ട് പുത്തൻകുളം ആനത്താവളത്തിൽ സംഘടിപ്പിച്ച ആന പരേഡും ആനഊട്ടും ജി.എസ്. ജയലാൽ എം.എൽ എ ഉദ്ഘാടനം ചെയ്തു.
2002ൽ സംസ്ഥാനത്ത് 1192 ആനകളുണ്ടായിരുന്നിടത്ത് ഇപ്പോൾ 492 ആയി കുറഞ്ഞു. ഇരണ്ടക്കെട്ട്, പാദരോഗം, അസ്വാഭാവിക അപകടങ്ങൾ എന്നിവ മൂലം പ്രതിവർഷം 24 മുതൽ 30 ആനകൾ വരെ ചരിയുന്നുണ്ട്. ആന വ്യാപാരം നിരോധിച്ചതോടെ ആനകളുടെ സംസ്ഥാനാന്തര കൈമാറ്റവും നടക്കുന്നില്ല. നിലവിലുള്ള നാട്ടാനകളിൽ എൺപത് ശതമാനവും 45 വയസിന് മുകളിലുള്ളതാണ്. ഈ രീതിയിൽ പോയാൽ പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ അനകൾ പൂർണമായും ഇല്ലാതാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
രാവിലെ 10.30ന് ആരംഭിച്ച ആന പരേഡിൽ പുത്തൻകുളം അനന്തപദ്മനാഭൻ, അനന്തകൃഷ്ണൻ, രാജശേഖരൻ, ഗണപതി, ഗംഗ തുടങ്ങിയ ആനകൾ പങ്കെടുത്തു. ജി.എസ്.ജയലാൽ എം.എൽ.എ അഭിവാദ്യം സ്വീകരിച്ചു. സാമൂഹിക അകലം പാലിച്ചുവന്ന ആനകൾക്ക് പഴക്കുലകളും വെള്ളരിയും ശർക്കരയും നൽകി.
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.കെ. തോമസ്, മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർമാരായ ഡോ.ഡി. ഷൈൻകുമാർ, ഡോ. ബി. അജിത്ത് ബാബു, എസ്.പി.സി.എ ഇൻസ്പെക്ടർ എസ്. റിജു, എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ഡി. ചന്ദ്രചൂഢൻ പിള്ള ആന ചികിത്‌സകൻ ഡോ.ബി. അരവിന്ദ്, ഡോ.പി. അലോഷ്യസ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഡോ.ബി. അരവിന്ദിനെ ആദരിച്ചു.