തഴവ: ഓൺലൈൻ പഠനത്തിന് ടി.വിയോ സ്മാർട്ട് ഫോണോ വാങ്ങാൻ നിവൃത്തിയില്ലാതിരുന്ന സഹപാഠിക്ക് നാലാം ക്ളാസുകാരിയുടെ സ്നേഹസമ്മാനം. തഴവ കുതിരപ്പന്തി ഗവ. എൽ.പി.എസിലെ നാലാം ക്ളാസ് വിദ്യാർത്ഥിനിയായ വള്ളികുന്നം കന്നിമേൽ തച്ചിരേത്ത് ശ്രീ പാർവതിയാണ് തന്റെ കുടുക്കയിലെ സമ്പാദ്യത്തിൽ നിന്ന് കൂട്ടുകാരിക്ക് സ്മാർട്ട് ഫോൺ സമ്മാനിച്ചത്. സ്കൂളിൽ പഠനത്തിൽ സമർത്ഥരാണ് ശ്രീപാർവതിയും കൂട്ടുകാരിയും. കൊവിഡിനെ തുടർന്ന് ഓൺ ലൈൻ ക്ളാസ് വഴി പഠനത്തിന് കൂട്ടുകാരിയുടെ വീട്ടിൽ ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലെന്നറിഞ്ഞതോടെ വിഷമത്തിലായ ശ്രീപാർവതി മാതാപിതാക്കളെ കാര്യം ധരിപ്പിച്ചശേഷം തന്റെ കുടുക്കയിലെ പണം ഉപയോഗിച്ച് ഫോൺ വാങ്ങി നൽകാൻ പ്രേരിപ്പിക്കുകയായിരുന്നു. ബന്ധുക്കളും മറ്റും പലപ്പോഴായി സമ്മാനിച്ച പതിനായിരത്തോളം രൂപ കുടുക്കപൊട്ടിച്ച് വീട്ടുകാർക്ക് ശ്രീപാർവതി കൈമാറി.തുടർന്ന് വീട്ടുകാർ ഫോൺവാങ്ങി ശ്രീപാർവതിക്കൊപ്പം സ്കൂളിലെത്തി കൂട്ടുകാരിക്ക് സമ്മാനിക്കുകയായിരുന്നു. ഹെഡ്മിസ്ട്രസ് സബീന, അദ്ധ്യാപികമാരായ ഹർഷ, രാധിക, എന്നിവരും ശ്രീപാർവതിയുടെ മുത്തശി ശാന്തയും ചടങ്ങിൽ പങ്കെടുത്തു.