punaloor
പുനലൂർ നഗരസഭ വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട സബീന സുധീറിന് വരണധികാരിയായ ഫോറസ്റ്റു സെയിൽസ് ടിംബർ ഡി.എഫ്.ഒ.അനിൽ ആൻറിണി സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ് ,സെക്രട്ടറി ജി. രേണുകാദേവി തുടങ്ങിയവർ സമീപം.

പുനലൂർ: പുനലൂർ നഗരസഭാ വൈസ് ചെയർപേഴ്സണായി ഇടത് മുന്നണിയിലെ സി.പി.ഐ അംഗമായ സബീന സുധീറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്നലെ രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിൽ വരണാധികാരിയായ പുനലൂർ ഫോറസ്റ്ററ്റ് സെയിൽസ് ടിംബർ ഡിവിഷണൽ ഓഫീസർ അനിൽ ആൻറണിയുടെ നിയന്ത്രണത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. 35 അംഗ കൗൺസിലിൽ യു.ഡി.എഫിന്റെ 15 അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിന്നു. ഇടത് മുന്നണി പ്രതിനിധിയും മുൻ നഗരസഭ ചെയർമാനുമായ എം.എ.രാജഗോപാൽ വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നത് കണക്കിലെടുത്തും മുൻ വൈ.ചെയർപേഴ്സണായ സുശീല രാധാകൃഷ്ണന്റെ ഭർത്താവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് കാരണവും മുന്നണി ധാരണയനുസരിച്ചു രണ്ട് അംഗങ്ങളും തിരഞ്ഞെടുപ്പിൽ പങ്കെടുത്തിരുന്നില്ല. സി.പി.എം അംഗമായ സുശീല രാധാകൃഷ്ണൻ ജൂൺ 23 ന് വൈ.ചെയർപേഴ്സൺ സ്ഥാനം രാജി വച്ച ഒഴു വിലാണ് ഇന്നലെ പുതിയ ഉപാദ്ധ്യക്ഷയെ തിരഞ്ഞെടുത്തത്. 35 അംഗ കൗൺസിലിൽ ഇടത് മുന്നണിക്ക് 20 അംഗങ്ങളും യു .ഡി.എഫിന് 15 അംഗങ്ങളുമുണ്ട്. ഇടത് മുന്നണിയുടെ നേതൃത്വത്തിൽ ഭരണം നടത്തി വരുന്ന നഗരസഭ കൗൺസിലിന്റെ കാലാവധി തീരുന്നത് വരെ പുതിയ ഉപാദ്ധ്യക്ഷ തുടരും. പുനലൂരിലെ ഹൈസ്കൂൾ വാർഡിൽ നിന്നാണ് സബീന സുധീർ തിരഞ്ഞെടുക്കപ്പെട്ടത്. അനുമോദന യോഗത്തിൽ നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻമാരായ കെ.രാധാകൃഷ്ണൻ ,കെ.രാജശേഖരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സുഭാഷ് ജി നാഥ്, വി.ഓമനക്കുട്ടൻ, കൗൺസിലറൻമാരായ കെ.പ്രഭ, ഗ്രേസി ജോൺ, സിന്ധു ഗോപകുമാർ, പുനലൂർ സർവീസ് സഹകരണ ബാങ്ക് വൈ. പ്രസിഡന്റ് ജെ.ഡേവിഡ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി ജി. രേണുകദേവി നന്ദി പറഞ്ഞു.