കരുനാഗപ്പള്ളി : ഏത് നിമിഷവും നിലം പൊത്താവുന്ന പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് നിർമ്മിച്ച കുടിലിലാണ് അർബുദ രോഗിയായ ഓമനയും രണ്ട് പെൺമക്കളും താമസിക്കുന്നത്. ശക്തമായ മഴയത്തും കാറ്റിലും ഈ കുടിലിനുള്ളിൽ ഭയപ്പാടോടെയാണ് ഇവർ കഴിച്ചുകൂട്ടുന്നത്. മറ്റ് ദുരിതാവസ്ഥകളേക്കാളേറെ ഓമനയുടെ രോഗമാണ് ഇപ്പോൾ ഇവരെ തളർത്തുന്നത്. കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ 23-ാംവാർഡിൽ കോളഭാഗം ജംഗ്ഷന് തെക്ക് വശം ആദിത്യവിലാസത്തിൽ ഓമനയുടെയും രണ്ട് പെൺമക്കളുടേയും ജീവിതാവസ്ഥ ആരുടെയും കണ്ണ് നനയിക്കും. ഓമന വള്ളിക്കാവ് സൗത്ത് ഇന്ത്യൻ ബാങ്കിലെ ക്ലീനിംഗ് തൊഴിലാളിയായിരുന്നു. . ഇവിടെ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിതം കരുപ്പിടിപ്പിച്ചത്.10-ം ക്ലാസ് വിദ്യാത്ഥിനി ആദിത്യയും 4-ം ക്ലാസുകാരി ഐശ്വര്യയും അമ്മയുടെ തണലിൽ പഠിച്ചു വരികയായിരുന്നു. ഓമനയുടെ കൈയ്യിൽ ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം ചികിത്സക്കായി ചിലവഴിച്ചു. ഇനി മരുന്നിനു പോലും കാശില്ല. ജീവിതം തന്നെ വഴിമുട്ടി നിൽക്കുകയാണ്. കനാൽ വക്കിലെ ഒന്നര സെന്റ് ഭൂമിയും കുടിലും മാത്രമാണ് ഇപ്പോഴത്തെ ആകെയുള്ള സമ്പാദ്യം. മക്കളുടെ പഠിത്തവും ഭാവിയുമെല്ലാം ഒരു ചോദ്യ ചിഹ്നമായി ഓമനയുടെ മുന്നിൽ ഉണ്ട്. കുലശേഖരപുരം പഞ്ചായത്ത് മുൻകൈ എടുത്ത് ലൈഫ് പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും വീട് യാഥാർത്ഥ്യമാക്കാൻ കടമ്പകൾ ഇനിയുമുണ്ട്. സുമനസുകളുടെ സഹായം തേടി ഗ്രാമപഞ്ചായത്തംഗം ബിജോയുടെ നേതൃത്വത്തിൽ നാട്ടുകാർ ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. എസ്.ബി.ഐ വവ്വാക്കാവ് ബ്രാഞ്ചിൽ അക്കൗണ്ടും തുറന്നു.ചികിത്സ സഹായ സമിതിയുടെ കൺവീനർ:9895525049, ചെയർമാൻ:9995381242അകൗണ്ട് നമ്പർ :3950800476, IFSC കോഡ്:SBIN007112