പൂനലൂർ: ഒരാഴ്ചയായി തിമിർത്തുപെയ്ത മഴ മാറി മാനം തെളിഞ്ഞതോടെ മാത്രയിലെ നെൽപ്പാടങ്ങളിൽ കൊയ്ത്ത് ഉത്സവം ആരംഭിച്ചു. മാത്ര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കലങ്കിൻ മുക്ക് ഏലായിൽ കൃഷി ചെയ്ത നെല്ലിന്റെ നൂറ് മേനി വിളവെടുപ്പിനാണ് തുടക്കം കുറിച്ചത്. തരിശ് കിടന്ന 6 ഏക്കർ പാടത്ത് കൃഷി ഇറക്കി നൂറ് മേനിയാണ് വിളഞ്ഞത്. 120 ദിവസം മൂപ്പുള്ള മനു രത്നയെന്ന അത്യുല്പാദന ശേഷിയുള്ള വിത്താണ് കൃഷി ചെയ്തിരുന്നത്. ഇതിനൊപ്പം കൃഷി ചെയ്ത അഞ്ഞൂറോളം നേന്ത്രവാഴ കുലകൾ വിളവെടുപ്പിനു പാകമായി വരുന്നുണ്ട്.ഇതിന്റെവിളവ് എടുപ്പ് ഓണത്തോടനുബന്ധിച്ചു നടത്താനാണ് ലക്ഷ്യമിടുന്നത്. പ്രദേശവാസികളായ ഇരുപതോളം കർഷകത്തൊഴിലാളികൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു. മൂന്നു ദിവസം കൊണ്ട് മുഴുവൻ നെല്ലകളും കൊയ്തെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് ഭരണസമിതി. ഇവിടെ ഉത്പാദിപ്പിച്ച നെല്ലു യന്ത്ര സഹായത്തോടുകൂടി മികച്ച ഇനം അരിയാക്കി ബാങ്കിന്റെ വിപണന കേന്ദ്രങ്ങൾ വഴി ആവശ്യക്കാർക്ക് ന്യായവിലക്ക് വിറ്റഴിക്കും.
മാത്ര സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലുവർഷമായി ഈ പാടത്ത് നെൽകൃഷി നടത്തി വരുന്നുണ്ട്. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് കാർഷിക വിളകൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുകയും നിർധനരായവർക്ക് സൗജന്യമായി നൽകുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ 9 ന് ബാങ്ക് പ്രസിഡന്റ് വി.എസ്. പ്രവീൺ കുമാർ കൊയ്ത്തു ഉത്സവം ഉദ്ഘാടനം ചെയ്തു.വൈ.പ്രസിഡന്റ് പ്രൊഫ. മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് മെമ്പർമാരായ, സുരേഷ് ബാബു, ശ്യാമള മോഹൻ, പ്രീതി, ഷാജി ഫിലിപ്പ്, മനു, തുളസീധര കുറുപ്പ്, മുരളീധരൻപിള്ള, ബാങ്ക് സെക്രട്ടറി ജി. സുരേഷ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.