joseph
ജോസഫും കൂട്ടരും മത്സ്യബന്ധനത്തിന് പോകാൻ വള്ളം കടലിലേക്ക് തള്ളിയിറക്കുന്നു

കൊല്ലം: പട്ടിണിയായിട്ടും പ്രളയത്തെ നേരിടാനുള്ള ചങ്കുറപ്പ് കാട്ടിയ കേരള സൈന്യം വീണ്ടും കടൽപ്പരപ്പിലേക്ക്. പത്തനംതിട്ട ആറന്മുളയിലെ പഴയ പ്രളയ തീരങ്ങളിൽ നിന്ന് ഇന്നലെ മടങ്ങിയെത്തിയ മൂതാക്കരയിലെ എം.ജോസഫും കൂട്ടരും അല്പ നേരം പോലും വിശ്രമിച്ചില്ല. അരിക്കാശിനെങ്കിലും എന്തെങ്കിലും വലയിൽ കുരുങ്ങണേയെന്ന പ്രാർത്ഥനയോടെ കടലിലേക്ക് കുതിച്ചു.

2018ൽ പ്രളയജലത്തിൽ പ്രാണനുവേണ്ടി യാചിച്ചവരെ രക്ഷപെടുത്താൻ കൊല്ലത്ത് നിന്ന് ആദ്യം പോയവരിൽ ഒരാളാണ് എം. ജോസഫ്.

അന്ന് പത്തനംതിട്ട ആറന്മുളയിൽ നിന്ന് 300 പേരെയാണ് ജോസഫും കൂട്ടരും മാത്രം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ പ്രളയത്തിലും ജോസഫ് ആറന്മുളയിലേക്ക് പോയിരുന്നു. പക്ഷെ മുൻപ് ഒപ്പമുണ്ടായിരുന്ന വാടിയിലെ റോയിയും ഷിബുവും ഉണ്ടായിരുന്നില്ല. പകരം മറ്റ് രണ്ടുപേരായിരുന്നു. കാര്യമായ വെള്ളപ്പൊക്കം ഉണ്ടാകാഞ്ഞതിനാൽ വള്ളവുമായി ഇറങ്ങിയില്ല. ഇത്തവണ കാലാവസ്ഥ മുന്നറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ജില്ലാ ഭരണകൂടം ആദ്യം സമീപിച്ചത് ജോസഫിനെയും കൂട്ടരെയുമാണ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വള്ളം ലോറിയിൽ കയറ്റി കെട്ടിമുറുക്കി. ശനിയാഴ്ച രാവിലെ ആറന്മുളയിലേക്ക് പുറപ്പെട്ടു. മഴ കനക്കാഞ്ഞതിനാൽ പത്തനംതിട്ട ജില്ലാ ഭരണകൂടം ഒരുക്കിയ ലോഡ്ജിൽ കഴിഞ്ഞു. ഇന്നലെ രാവിലെ 10ഓടെയാണ് കൊല്ലത്തേക്ക് തിരിച്ച് പുറപ്പെട്ടത്. ഒന്നരയോടെ മൂതാക്കരയിലെത്തി.

ജോസഫിന്റെ വള്ളത്തിന്റെ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്നതാണ്. ഇന്നലെ വള്ളവുമായി ഇറങ്ങിയില്ലെങ്കിൽ വീണ്ടും ഒരു ദിവസം കൂടി കാക്കണം. വീരനായകനെപ്പോലെയാണ് തീരത്ത് വന്നിറങ്ങിയതെങ്കിലും പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല. അതിനാൽ ജോസഫും കൂട്ടുകാരും കടലിലേയ്ക്ക് കുതിച്ചു. കൊല്ലം തീരത്തെ 10 വള്ളങ്ങളുമായി 25 മത്സ്യത്തൊഴിലാളികളാണ് ഇത്തവണ പത്തനംതിട്ടയിലേക്ക് പോയത്. നീണ്ടകരയിൽ നിന്ന് ഏഴ് വള്ളങ്ങളും അഴീക്കലിൽ നിന്ന് എട്ടെണ്ണവും പോയിരുന്നു.