കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി പുത്തൻ ആസ്ഥാനമന്ദിരം നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടകനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു. ജില്ലയിലെ കോൺഗ്രസുകാരും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും ഏറെ ആഗ്രഹിച്ചത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെക്കൊണ്ട് മന്ദിരം ഉദ്ഘാടനം ചെയ്യിക്കണമെന്നാണ്. അദ്ദേഹം അതിന് സമ്മതിക്കുകയും ചെയ്തതതാണ്. 2019 ആഗസ്റ്റ് 12 ന് രാഹുൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാക്കുകയും ചെയ്തു. അപ്പോഴാണ് സംസ്ഥാനം പ്രളയക്കെടുതിയിൽ പെട്ടതും ആ തീരുമാനം ഉപേക്ഷിച്ചതും. പിന്നെ എപ്പോഴെങ്കിലും രാഹുൽ കേരളത്തിൽ വരുമ്പോൾ ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതിയെങ്കിലും വയനാട് എം.പി ആയ രാഹുൽ അവിടെപ്പോലും എത്തുന്നത് വല്ലപ്പോഴുമാണ്. എത്തിയാലോ ഒരോട്ട പ്രദക്ഷിണമാണ്. തിടുക്കത്തിൽ വന്ന് മണ്ഡലത്തിലൊന്ന് ചുറ്റി ഡൽഹിയിലേക്ക് മടങ്ങും. പിന്നല്ലേ കൊല്ലത്ത് വരുന്നത്. ഏതായാലും ഇനി രാഹുലിനെ പ്രതീക്ഷിച്ച് ഉദ്ഘാടനം നീട്ടേണ്ടെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ഒടുവിൽ തീരുമാനിച്ചു.
അങ്ങനെ ഒരുപാട് വർഷത്തെ കാത്തിരിപ്പിനും വിവാദങ്ങൾക്കും ഒടുവിൽ കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം ചിങ്ങം ഒന്നിന് (ആഗസ്റ്റ് 17) രാവിലെ 10 ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. ഒരുകോടിയോളം രൂപ ചെലവിൽ രണ്ട് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങിയ മന്ദിരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഐ.ടി സെല്ലും ഭാരവാഹികൾക്കുള്ള മുറികളും ആഡിറ്റോറിയവും അടക്കമുള്ള സൗകര്യങ്ങളാണ് രണ്ട് നിലകളിലായുള്ളത്. മുൻ മുഖ്യമന്ത്രിയും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന ആർ. ശങ്കറിന്റെയും മുൻ കേന്ദ്രമന്ത്രിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സി.എം സ്റ്റീഫന്റെയും സ്മാരകമായാണ് പുതിയ മന്ദിരം സമർപ്പിക്കുന്നത്.
പേര് വിവാദവുമായി ചിലർ
ഉദ്ഘാടനം വരെ നിശ്ചയിച്ച ഘട്ടത്തിലാണ് പേര് വിവാദവുമായി ചിലരുടെ രംഗപ്രവേശം. പുതിയ മന്ദിരത്തിന് ആർ.ശങ്കറിന്റെയും സി.എം സ്റ്റീഫന്റെയും പേരിനൊപ്പം മറ്റൊരു പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എ.എ റഹിമിന്റെ പേര് കൂടി ചേർക്കണമെന്ന ആവശ്യവുമായാണ് ചിലർ രംഗത്തെത്തിയത്. മുൻ കേന്ദ്രമന്ത്രിയും മുൻ കെ.പി.സി.സി ഭാരവാഹിയും കൊല്ലം ഡി.സി.സി പ്രസിഡന്റും ഒക്കെയായിരുന്ന എ.എ റഹിം സ്മരിക്കപ്പെടേണ്ട നേതാവാണെന്നതിൽ ആർക്കും തർക്കമില്ല. കൊല്ലം ജില്ലാ ആശുപത്രി അദ്ദേഹത്തിന്റെ സ്മാരകമാണ്. എന്നാൽ ചില സമുദായ സംഘടനകൾ ഡി.സി.സി മന്ദിരത്തിന് അദ്ദേഹത്തിന്റെ പേര് കൂടി ചേർക്കണമെന്ന ആവശ്യവുമായി രംഗപ്രവേശം നടത്തി എന്നത് ഡി.സി.സി നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത് സ്വാഭാവികം. പുതിയ മന്ദിരം കൊല്ലത്തിന്റെ പ്രൗഢിയ്ക്കിണങ്ങും വിധം നിശ്ചയദാർഢ്യത്തോടെ പൂർത്തിയാക്കിയ ബിന്ദുകൃഷ്ണയെ ലക്ഷ്യമിട്ട് ജില്ലയിലെ പ്രമുഖനായൊരു കോൺഗ്രസ് നേതാവാണ് പേര്വിവാദത്തിന് പിന്നിലെന്നാണ് പിന്നാമ്പുറ സംസാരം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാവിന് ബിന്ദുകൃഷ്ണ വിഘാതമാകുമോ എന്ന ആശങ്കയിലാണ് ഈ നീക്കമെന്നുമാണ് സംസാരം. ആർ.ശങ്കർ കെ.പി.സി.സി പ്രസിഡന്റും സി.എം സ്റ്റീഫൻ ഡി.സി.സി പ്രസിഡന്റും ആയിരിക്കെ 1959 ലാണ് കോൺഗ്രസ് ഭവൻ നിർമ്മിച്ചത്. അതിനാലാണ് പിന്നീട് പുതിയ മന്ദിരം നിർമ്മിക്കുമ്പോൾ ഇരുവരുടെയും സ്മാരകമാക്കണമെന്ന് തീരുമാനിച്ചിരുന്നത്. തിരു- കൊച്ചി മുഖ്യമന്ത്രിയായിരിക്കെ സി.കേശവനാണ് കോൺഗ്രസ് ഭവൻ നിർമ്മിക്കാൻ നഗരത്തിലെ കണ്ണായ സ്ഥലത്ത് മൂന്നേക്കറോളം സ്ഥലം കുത്തകപ്പാട്ടത്തിന് നൽകിയത്. ശൂരനാട് രാജശേഖരൻ ഡി.സി.സി പ്രസിഡന്റായിരിക്കെയാണ് സ്ഥലത്തിന് പട്ടയം ലഭിച്ചത്. ഏതായാലും വിഷയം കെ.പി.സി.സി നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതോടെ പുതിയ മന്ദിരത്തിലെ 800 ഓളം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം എ.എ റഹിമിന്റെ സ്മാരകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അന്ധവിശ്വാസത്തെയും
അതിജീവിച്ചു
പുതിയ ഓഫീസ് മന്ദിര നിർമ്മാണത്തിന് ശ്രമിച്ചവർക്കൊന്നും അധികകാലം സ്ഥാനത്ത് തുടരാനായില്ലെന്നൊരു അന്ധവിശ്വാസം നിലനിൽക്കെയാണ് ബിന്ദുകൃഷ്ണ ആ
ദൗത്യം വിജയകരമായി പൂർത്തീകരിച്ചത്. 1984 മുതൽ തുടങ്ങിയതാണ് ഡി.സി.സി ഓഫീസ് വളപ്പിൽ സി.എം സ്റ്റീഫൻ സ്മാരക നിർമ്മാണ നീക്കം. അതിനായി രൂപീകരിച്ച കമ്മിറ്റി നടത്തിയ പണപ്പിരിവ് വിവാദമാകുകയും പല നേതാക്കൾക്കെതിരെയും ആരോപണം ഉയരുകയും നടപടി നേരിടേണ്ട സാഹചര്യവുമൊക്കെയുണ്ടായിരുന്നു. നിർമ്മാണം തുടങ്ങിയ സി.എം സ്റ്റീഫൻ സ്മാരകം വർഷങ്ങളോളം കമ്പിക്കാലുകളിൽ മാത്രം ഉയർന്ന് നിന്നതിന്റെ നാണക്കേട് കൊല്ലത്തെ കോൺഗ്രസുകാർ ഏറെക്കാലം അനുഭവിച്ചതാണ്. 2014 ൽ ജി.പ്രതാപവർമ്മ തമ്പാൻ ഡി.സി.സി പ്രസിഡന്റായപ്പോഴാണ് ജീർണ്ണിച്ച കമ്പിക്കാലുകൾ ഉപേക്ഷിച്ച് ഇരുനില മന്ദിര നിർമ്മാണം ആരംഭിച്ചത്. ഒന്നാം നില പൂർത്തിയാക്കിയതോടെ അതേവർഷം ജൂലായിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെട്ടു.
എന്നാൽ ഒന്നാം നിലയുടെ ഉദ്ഘാടനം അദ്ദേഹം തന്നെ നിർവഹിച്ചാണ് പടിയിറങ്ങിയത്. പിന്നീടെത്തിയ കൊടിക്കുന്നിൽ സുരേഷ് പഴയമന്ദിരം മോഡിപിടിപ്പിക്കുകയും ഓഫീസിന് പ്രവേശനകവാടവും ഗേറ്റുമൊക്കെ നിർമ്മിച്ചുവെങ്കിലും അദ്ദേഹത്തിനും അധികകാലം തുടരാനായില്ല. പിന്നാലെ വന്ന വി.സത്യശീലൻ പുതിയമന്ദിരത്തിന്റെ രണ്ടാം നിലയുടെ നിർമ്മാണം തുടങ്ങിയെങ്കിലും പൂർത്തിയാക്കും മുമ്പെ അദ്ദേഹം അന്തരിച്ചു. തുടർന്ന് 2016 ഡിസംബറിലാണ് ബിന്ദുകൃഷ്ണ സ്ഥാനമേറ്റത്. 2018 ഡിസംബറിൽ നിർമ്മാണം പുനരാരംഭിച്ച് പൂർത്തീകരിച്ചു. മുൻഗാമികളെപ്പോലെ സ്ഥാനമൊഴിയേണ്ട സാഹചര്യം ഇതുവരെയുണ്ടായില്ലെന്നും ഇനി എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.