ചവറ: വർഷങ്ങളുടെ പഴക്കമുള്ള കൊട്ടുകാട്, സരിതമുക്ക് റോഡിൽ ചവറ, തേവലക്കര ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുകുന്ദപുരം പാലം നാടിനായി തുറന്നു. അന്തരിച്ച എൻ.വിജയൻ പിള്ള എം.എൽ.എ. യുടെ ശ്രമഫലമായിട്ടാണ് ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചത്. പുതിയതായി നിർമ്മിച്ച പാലത്തിന് 7.50 മീറ്റർ വീതിയുളള കാരിയേജ് വേയും 12 മീറ്റർ നീളവും ഒരുവശത്തായി 1.50 മീറ്റർ വീതിയുളള നടപ്പാതയുമുണ്ട്. പാലത്തോട് ചേർന്നുവരുന്ന തോടിന്റെ വശങ്ങൾക്ക് സംരക്ഷണഭിത്തിയും പാലത്തിന് പാർശ്വഭിത്തിയും നിർമ്മിച്ചു.
പാലത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുകൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്. വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചവറ, തേവലക്കര പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.കെ. ലളിത, ഐ. ഷിഹാബ്, സി.പി.ഐ.എം. ഏരിയാ സെക്രട്ടറി ടി.മനോഹരൻ,ജനപ്രതിനിധികളായ മുതാസ്, കെ.എ.നിയാസ്, സക്കീർ ഹുസൈൻ, കെ.ഷറഫുദ്ധീൻ എന്നിവർ സംസാരിച്ചു. പാല ത്തിൻ്റെ ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള ശിലാഫലക അനാഛാദനവും വിളക്ക് കൊളുത്തലും മന്ത്രിക്കു പകരമായി സി. രാധാമണി നിർവഹിച്ചു.