കൊല്ലം: കൊവിഡ് കാലത്ത് മീൻ തേടി നാട് നെട്ടോട്ടമോടിയപ്പോൾ കരിമീൻ കൃഷിയിലൂടെ ചാകര കൊയ്യുകയായിരുന്നു തേവലക്കര അരിനല്ലൂർ ഷൈലജാമന്ദിരത്തിൽ പത്രോസ്. കായലിൽ മത്സ്യം പിടിക്കാൻ പോകുന്നത് നിറുത്തിയശേഷം നാലുവർഷം മുമ്പാണ് പരമ്പരാഗത മത്സ്യത്തൊഴിലാളിയായ പത്രോസ് വീടിന് സമീപം കൂട് കരിമീൻ കൃഷി തുടങ്ങിയത്.
കരിമീന് പ്രസിദ്ധമായ അഷ്ടമുടിക്കായലിന്റെ ശാഖയായ അരിനല്ലൂർ കായലിലായിരുന്നു കരിമീൻ കൃഷി. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ പി.വി.സി പൈപ്പുകളും 18, 32 മില്ലി കണ്ണിവലുപ്പവുമുള്ള നൈലോൺ വലകളുമുപയോഗിച്ച് നിർമ്മിച്ച കൂടുകളിൽ 200 കുഞ്ഞുങ്ങളെ വീതം നിക്ഷേപിച്ചായിരുന്നു തുടക്കം.
കായലിലെ സ്വാഭാവിക ജലത്തിൽ വളരുന്ന ഇവയ്ക്ക് ഒഴുക്ക് വെള്ളത്തിൽ നിന്ന് ലഭിക്കുന്ന തീറ്റയ്ക്ക് പുറമേ ഫിഷറീസ് വകുപ്പ് ശുപാർശ ചെയ്യുന്ന തീറ്റയും നൽകി. ഒൻപത് മാസം കൊണ്ടാണ് വിളവെടുപ്പിന് പാകമായത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് മത്സ്യബന്ധനം നിലച്ച സമയത്താണ് പത്രോസിന്റെ കരിമീൻ മാർക്കറ്റിലെത്തിയത്. കിലോയ്ക്ക് 700 രൂപയ്ക്കായിരുന്നു വിൽപ്പന.
ഹോട്ടലുകളും ബാറുകളും അടഞ്ഞിട്ടും പത്രോസിന്റെ മീൻ വിൽപ്പനയ്ക്ക് കുറവുണ്ടായില്ല. നാട്ടുകാരാണ് പത്രോസിന്റെ മീൻ പൂർണമായും വാങ്ങിയത്. രണ്ട് സഡനോളം കൂടുകളിൽ നിന്നായി ഒന്നര ക്വിന്റലോളം മീൻ വിറ്റ പത്രോസിന് ഒരുലക്ഷത്തിലധികം രൂപ ലാഭവും കിട്ടി. വിളവെടുപ്പ് കഴിഞ്ഞ കൂടുകളിൽ പുതിയ കുഞ്ഞുങ്ങളെ നിക്ഷേപിച്ച പത്രോസ് മൺറോത്തുരുത്തിലെ പെരിങ്ങാലത്ത് ഒരേക്കറോളം കുളത്തിൽ തിലോപ്പിയും കരിമീനും കൃഷി ചെയ്യുന്നുണ്ട്. വീട്ടമ്മയായ നിർമ്മലയും ഇളയ മകൾ ഏയ്ഞ്ചലുമാണ് പിന്തുണയും സഹായവും നൽകുന്നത്.
കൂടുകൾ: 35
വലയുടെ കണ്ണിവലുപ്പം: 18, 32 മില്ലി
ഒരു കൂട്ടിൽ കരിമീൻ: 200
വളർച്ചയെത്താൻ: 9 മാസം
വിൽപ്പന വില: 700 രൂപ (കിലോ)
വിളവെടുത്ത മീൻ: 1.5 ക്വിന്റൽ
ലാഭം: 1 ലക്ഷത്തിലേറെ