paddy

കൊല്ലം: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ജില്ലയിലെ ഓണക്കൊയ്ത്തും താളംതെറ്റി. ചില പാടശേഖരങ്ങളിൽ കൊയ്ത്തിന് പാകമായിരിക്കെ മറ്റിടങ്ങളിൽ യഥാസമയം മഴ ലഭിക്കാത്തതിനാൽ നെല്ല് കുടംപോലും ആയിട്ടില്ല. നിറപുത്തരി കണക്കാക്കി കൃഷിയിറക്കിയ സ്ഥലങ്ങളിലാണ് ചെടികൾ കൊയ്ത്തിന് പാകമായത്.

കുണ്ടറ ഇളമ്പള്ളൂർ, കൊട്ടിയം ഉമയനല്ലൂർ എന്നിവിടങ്ങളിലെ ഏലാകളിൽ കൊയ്ത്തിനുള്ള തയ്യാറെടുപ്പുകളായിട്ടുണ്ട്. ചില കരനെൽ കൃഷിയിടങ്ങളിലും കതിര് സ്വർണവർണമണിഞ്ഞു. ഏപ്രിലിൽ വിത്തിട്ടവരുടെ നെല്ലാണ് കൊയ്ത്തിന് പാകമായത്. കർഷകരും പാടശേഖരസമിതിയും കൊയ്ത്ത് മെതി യന്ത്രങ്ങൾക്കായി കൃഷി ഓഫീസുകളെ സമീപിച്ച് കഴിഞ്ഞു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തരിശ് നിലങ്ങളിലുൾപ്പെടെ കൃഷിയിറക്കിയെങ്കിലും ചെടികൾ കതിരണിയാറായിട്ടില്ല.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് നിലമൊരുക്കുന്നതിനും വിത്തിടുന്നതിലുമുണ്ടായ കാലതാമസവും വേനൽ മഴയുടെ അഭാവവുമാണ് ചിങ്ങക്കൊയ്ത്തിനെ കാലം തെറ്റിച്ചത്. മൈലം പഞ്ചായത്തിലെ പള്ളിക്കൽ ഏല, ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം, പവിത്രേശ്വരം പഞ്ചായത്തിലെ ചെറുപൊയ്ക, കാരിക്കൽ ഏലകൾ, കുന്നത്തൂർ താലൂക്കിലെ ശൂരനാട്, കുമരഞ്ചിറ, പതാരം, തഴവ, തൊടിയൂർ, പാവുമ്പ, ഓച്ചിറ, കുലശേഖരപുരം, ക്ളാപ്പന പ്രദേശങ്ങളിലും സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷി ഇറക്കിയിട്ടുണ്ട്.

മേയ് മാസം അവസാനത്തോടെ വിത്തിറക്കിയ ഇവിടങ്ങളിലെല്ലാം സെപ്തംബറിലേ വിളവെടുപ്പ് സാദ്ധ്യമാകൂ. നൂറ്റിപ്പത്ത് ദിവസം കൊണ്ട് മൂപ്പെത്തുന്ന ഉമ വിത്താണ് പലയിടത്തും കൃഷിചെയ്യുന്നത്. മുണ്ടകൻ പാടങ്ങളിലും മറ്റും കൂട്ട് മുണ്ടകൻ കൃഷിയായ ചേറാടി ഇനത്തിൽപ്പെട്ട വിത്ത് വിതച്ചവർക്കും വിളവെടുക്കാൻ കാത്തിരിക്കണം. തഴവയിലെ തഴവയൽ, പാവുമ്പ ചുരുളിപ്പാടം, തൊടിയൂർ വട്ടക്കായലിന് സമീപത്തെ വയലുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിന്ന് ഏക്കറുകണക്കിന് സ്ഥലത്തെ നെൽകൃഷി വെള്ളത്തിലായിട്ടുണ്ട്.

''

ഹെക്ടർ കണക്കിന് തരിശ് നിലങ്ങളിലും വയലുകളിലും ഇത്തവണ നെൽ കൃഷിയിറക്കി. ലോക്ക് ഡൗണും വേനൽ മഴയുടെയും കാലവർഷത്തിന്റെയും കുറവും വിളയെ ബാധിച്ചു.

പ്രിൻസിപ്പൽ കൃഷി ഓഫീസർ, കൊല്ലം