തഴവയിൽ വീണ്ടും ആശങ്ക
തഴവ: കണ്ടെയ്ൻമെന്റ് സോണെന്ന നിയന്ത്രണം നീങ്ങിയതിന് പിന്നാലെ തഴവയിൽ തൊഴിലുറപ്പ് തൊഴിലാളി ഉൾപ്പെടെ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക പരത്തുന്നു. തഴവ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന 15-ാം വാർഡിലാണ് തൊഴിലുറപ്പ് തൊഴിലാളിയായ വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിഞ്ഞ പട്ടാളക്കാരനാണ് മുല്ലശേരി മുക്ക് വാർഡിൽ രോഗം ബാധിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയുടെ രോഗ ഉറവിടം വ്യക്തമാകാത്തതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്.
ലക്ഷണമില്ലാത്തതും ഉറവിടമറിയാത്തതുമായ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തഴവയിൽ കഴിഞ്ഞ ദിവസങ്ങളിൽ നൂറ് കണക്കിനാളുകളെ സ്രവപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. രണ്ട് കുടുംബങ്ങളിലായി ഏഴുപേർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് തഴവ കടത്തൂർ പ്രദേശം ആഴ്ചകളായി കണ്ടെയ്ൻമെന്റ് സോണായിരുന്നു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ കഴിഞ്ഞദിവസം കടത്തൂരിനെ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കിയിരുന്നു. ആരോഗ്യ പ്രവർത്തകയ്ക്കും മകൾക്കും രോഗം കണ്ടെത്തിയ പാലമൂട്ടിലും ജാഗ്രത തുടരുകയാണ്. മഹാരാഷ്ട്രയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ ഗൃഹനാഥന് കൊവിഡ് ബാധിച്ചതൊഴിച്ചാൽ പതിനഞ്ചാം വാർഡിൽ കേസുകളൊന്നും ഇല്ലാതിരിക്കെയാണ് തൊഴിലുറപ്പ് തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചത്. കൂടെ ജോലി ചെയ്തവരും വീട്ടുകാരും അയൽവാസികളുമുൾപ്പെടെ ഇവരുടേത് വിപുലമായ സമ്പർക്കപ്പട്ടികയാണ്.
രോഗം സ്ഥിരീകരിച്ചതോടെ പതിനഞ്ചാം വാർഡിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പഞ്ചായത്ത് അധികൃതർ
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ
41 തൊഴിലാളികൾക്ക് റാപ്പിഡ് ടെസ്റ്റ്
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് തൊഴിലുറപ്പ് തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്കൊപ്പം തൊഴിലുറപ്പ് ജോലിയിൽ പങ്കെടുത്ത 41 തൊഴിലാളികളെ റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കി. പരിശോധനാഫലം നെഗറ്റീവാണെങ്കിലും ഇവരോടെല്ലാം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബവും നിരീക്ഷണത്തിലാണ്.