chinnakkada

 ഇന്നലെ നഗരത്തിൽ 9 പേർക്ക് കൊവിഡ്

കൊല്ലം: ജില്ലയിൽ മൊത്തത്തിൽ കൊവിഡ് വ്യാപന നിരക്ക് കുറഞ്ഞെങ്കിലും നഗരത്തിൽ ദിവസേന പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആശങ്ക പടർത്തുന്നു. ഒരാളിൽ നിന്ന് കൂടുതൽ പേരിലേക്ക് പടരാത്തതാണ് അല്പമെങ്കിലും ആശ്വാസം പകരുന്നത്.

മരുത്തടി, കന്നിമേൽച്ചേരി, ശക്തികുളങ്ങര, വാളത്തുംഗൽ ഭാഗങ്ങളിലാണ് ഇപ്പോൾ നഗരത്തിൽ കൂടുതൽ കൊവിഡ് രോഗികളുള്ളത്. തീരമേഖലയായ മൂതാക്കരയിൽ ഇന്നലെ കൊവിഡ് റിപ്പോർട്ട് ചെയ്തു. പുന്തലത്താഴത്ത് എട്ടോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും എല്ലാവരും രോഗമുക്തരായി. മത്സ്യബന്ധനത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ശക്തികുളങ്ങര, മരുത്തടി, കന്നിമേൽച്ചേരി ഭാഗങ്ങളിൽ കൊവിഡ് ബാധിച്ചതെന്ന് കരുതുന്നു.

മത്സ്യബന്ധനം പുനരാരംഭിച്ച സാഹചര്യത്തിൽ പത്ത് കുടുംബങ്ങൾ ഉൾപ്പെടുന്ന ക്ലസ്റ്ററുകൾ വഴിയുള്ള നിരീക്ഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊവിഡ് സ്ഥിരീകരിച്ച മേഖലകളിൽ കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ ഫലപ്രദമായ ഇടപെടലുകളും നടന്നിട്ടുണ്ട്.

 കഴിഞ്ഞ മൂന്നാഴ്ചയിലെ രോഗവ്യാപനം

ജില്ലയിൽ മറ്റ് പലയിടങ്ങളിലും കൊവിഡ് വ്യാപകമായി പടരുമ്പോഴും കൊല്ലം നഗരത്തിൽ നേരത്തെ കാര്യമായ ഭീഷണി ഉയർന്നിരുന്നില്ല. കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കിടയിലാണ് നഗരത്തിൽ കൂടുതൽ പ്രാദേശിക രോഗവ്യാപനം ഉണ്ടായത്. നഗരത്തിൽ ഇതുവരെ 232 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 136 പേർ രോഗമുക്തരായി. മൂന്ന് പേർ മരിച്ചു. 93 പേർ നിലവിൽ ചികിത്സയിലുണ്ട്.

 ചികിത്സാ കേന്ദ്രത്തിൽ 43 പേർ

ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിലവിൽ 43 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇതുവരെ 277 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. എത്തുന്നവരിൽ പലരും വേഗത്തിൽ രോഗമുക്തരായി മടങ്ങുന്നുണ്ട്.

 നഗരത്തിലെ കൊവിഡ്

ആകെ സ്ഥിരീകരിച്ചത്: 232

രോഗമുക്തർ: 136

നിലവിൽ ചികിത്സയിലുള്ളവർ: 93

മരണം: 3