photo
കൈയേറ്റ ഭീഷണി നേരിടുന്ന ഒന്നാം തഴത്തോട്.

പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: നഗരസഭയുടെ പരിധിയിലൂടെ കടന്ന് പോകുന്ന തഴത്തോടുകൾ കൈയേറിയവരിൽ നിന്ന് ഭൂമി തിരികെ പിടിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തഴത്തോടുകളിലൂടെയുള്ള ജലമൊഴുക്ക് തടസപ്പെട്ടതോടെ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടായി മാറിയിരുന്നു. തഴത്തോടുകൾക്ക് വീതിയുണ്ടായിരുന്ന സമയത്ത് ജലമൊഴുക്കിന് യാതൊരു തടസവും നേരിട്ടിരുന്നില്ല. പ്രദേശവാസികൾ തഴത്തോടുകൾ കൈയേറാൻ തുടങ്ങിയതോടെയാണ് തോടുകളുടെ വീതി കുറഞ്ഞ് ജലമൊഴുക്ക് തടസപ്പെട്ടത്. അനധികൃതമായി കൈയേറിയ ഭൂമി തിരികെ ഏറ്റെടുത്ത് തോടുകളുടെ ആഴവും വീതിയും കൂട്ടിയാൽ മാത്രമേ ശക്തമായ മഴക്കാലവത്ത് വെള്ളക്കെട്ടിൽ നിന്ന് നാട്ടുകാരെ സംരക്ഷിക്കാൻ കഴിയൂ.

തഴത്തോടുകളുടെ നിർമ്മാണം രാജഭരണ കാലത്ത്

കൃഷിക്ക് ജലമെത്തിക്കുന്നതിനും ജലഗതാഗതത്തിനുമായാണ് രാജഭരണ കാലത്ത് തഴത്തോടുകൾ നിർമ്മിച്ചത്. തഴത്തോടുകളുടെ ഇരുവശങ്ങളിലും വിശാലമായ പാടശേഖരങ്ങളായിരുന്നു. കായംകുളം കായലിനെയും കൊതിമുക്ക് വട്ടക്കായലിനെയും തമ്മിൽ ബന്ധിപ്പിച്ചായിരുന്നു തഴത്തോടുകൾ നിർമ്മിച്ചത്. പാടശേഖരങ്ങളിൽ കൃഷിക്ക് ആവശ്യമായ സാധന സമാഗ്രികളും വിത്തും വളവും എത്തിച്ചിരുന്നത് വള്ളങ്ങളിലായിരുന്നു. വിളവെടുപ്പിന് ശേഷം കറ്റകൾ പ്രധാന റോഡുകളിൽ എത്തിച്ചിരുന്നതും തഴത്തോടുകൾ വഴിതന്നെ. വലിയ കേവ് വള്ളങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന വിതരത്തിൽ തഴത്തോടുകൾക്ക് ആഴവും വീതിയുമുണ്ടായിരുന്നു. കൃഷിയിടങ്ങൾ നികത്തിത്തുടങ്ങിയതോടെ തഴത്തോടുകളുടെ നാശവും ആരംഭിച്ചു.

സ്വകാര്യ വ്യക്തികളുടെ കൈയേറ്റം

വയലുകൾ നികത്തി വീടുകൾ നിർമ്മിച്ചപ്പോൾ കാലക്രമേണെ സ്വകാര്യ വ്യക്തികൾ തോടിന്റെ വശങ്ങൾ കൈയേറി തുടങ്ങി. ഇപ്പോൾ കൊതുമ്പു വള്ളത്തിന് പോകാനുള്ള വീതി പോലും പല സ്ഥലങ്ങളിലും ഇല്ല. തഴത്തോടുകൾക്ക് കുറുകേ അശാസ്ത്രീയമായി സ്വകാര്യ വ്യക്തികൾ നിർമ്മിച്ച ചെറു പാലങ്ങളും ജലമൊഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്. മഴക്കാലത്ത് തോട്ടിലൂടെ ഒഴുകിയെത്തുന്ന കുളവാഴകൾ പാലത്തിൽ തട്ടി നിൽക്കുന്നതിനാൽ വെള്ളം വശങ്ങളിലേക്ക് ഒഴുകുകയാണ്. തഴത്തോടുകളുടെ മദ്ധ്യഭാഗത്ത് ജലസംഭരണിയായി പ്രവർത്തിച്ചിരുന്ന ചാലുകളും കൈയേറ്റ ഭീഷണിയിലാണ്.

സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തഴത്തോടുകളെ സംരക്ഷിക്കാനുള്ള നടപടി കൈക്കൊള്ളണം.

പ്രദേശവാസികൾ