അടിയന്തര രക്ഷാ ഉപകരണങ്ങളുമായി ഫയർഫോഴ്സ്
കൊല്ലം: ദുരന്തമുഖത്ത് കുത്തിയൊലിക്കുന്ന പുഴ കടക്കാൻ ഇനി സൈന്യത്തിന്റെ ബെയ്ലിപ്പാലത്തിനായി കാത്തിരിക്കേണ്ട, ഫയർഫോഴ്സിന്റെ ബെയ്ലി കയർപ്പാലം മറുകരയെത്തിക്കും. അടിയന്തര സാഹചര്യം നേരിടാൻ കയറിലും മുളയിലും രക്ഷാ ഉപകരണങ്ങൾ തീർക്കുകയാണ് കൊല്ലത്തെ അഗ്നിശമനസേന.
ത്രികോണാകൃതിയിൽ വലിച്ചുകെട്ടിയ കൂറ്റൻ പ്ലാസ്റ്റിക് വടങ്ങളിൽ അരമീറ്റർ വീതം അകലത്തിൽ പ്ലാസ്റ്റിക് കയറുകൾ വരിഞ്ഞ് പിടിച്ചുനടക്കാൻ കൈവരി സഹിതമാണ് പാലം. മദ്ധ്യഭാഗത്തെ കൂറ്റൻ കയറിലൂടെ ഇരുവശങ്ങളിലും പിടിച്ച് പരസഹായമില്ലാതെ ആർക്കും സുരക്ഷിതരായി മറുകരയെത്താം.
പ്രായമായവരെയും രോഗികളെയും വളർത്തുമൃഗങ്ങളെയും സുരക്ഷിതരാക്കാൻ കൂറ്റൻ ബാരലുകൾക്ക് മീതെ മുളകൾ നിരത്തിയുള്ള ചങ്ങാടങ്ങളും സിന്തറ്റിക്ക് വാട്ടർ ടാങ്കുകൾ കുറുകെ മുറിച്ചുണ്ടാക്കിയ കുട്ടവഞ്ചിയുമുണ്ട്. മഴ വൻകെടുതികൾക്ക് ഇടയാക്കുമെന്ന ആശങ്കയാണ് ജനങ്ങൾക്ക് സ്വയരക്ഷയ്ക്കുള്ള ഉപകരണങ്ങളെപ്പറ്റിയുള്ള ചിന്തയ്ക്ക് ഫയർഫോഴ്സിനെ പ്രേരിപ്പിച്ചത്. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറാണ് സഹപ്രവർത്തകരുമായി ചേർന്ന് രക്ഷാഉപകരണങ്ങൾ രൂപകൽപ്പന ചെയ്തത്.
ഹരികുമാറിന്റെ വീട്ടിൽ നിന്നുള്ള മുളയും പതിനായിരം രൂപ കൈക്കാശിനും പുറമേ സഹപ്രവർത്തകരുടെ കൂട്ടായ്മ കൂടിയായപ്പോൾ കടപ്പാക്കട ഫയർഫോഴ്സ് നിലയം യഥാർത്ഥ റെസ്ക്യൂഹോമായി മാറി.
ദുരന്തസാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഇത്തരം ഉപകരണങ്ങൾ മുൻകൂട്ടി ലഭ്യമാക്കിയാൽ അപകട സൂചന നൽകുമ്പോൾ തന്നെ ജനങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കാമെന്നതാണ് ഇതിന്റെ നേട്ടം. ഫയർഫോഴ്സ് അങ്കണത്തിൽ വലിച്ചുകെട്ടിയ ബെയ്ലിപ്പാലത്തിലൂടെ ജില്ലയിലെ രക്ഷാപ്രവർത്തനത്തിനുള്ള റെസ്ക്യൂവോളൻഡിയേഴ്സും നാട്ടുകാരുമുൾപ്പെടെ നിരവധിപേർ അക്കരയിക്കരെ കടന്നു.
''
പ്രളയം പോലുള്ള കെടുതികൾ അതിജീവിക്കാൻ ജനങ്ങളെ ബോധവത്കരിക്കാനും പരിശീലിപ്പിക്കാനുമാണ് ഇത്തരം ഉപകരണങ്ങൾ നിർമ്മിച്ചത്. റെസ്ക്യൂവോളൻഡിയേഴ്സിന് പരിശീലനം നൽകിയശേഷം ജനങ്ങളിലേക്ക് എത്തിക്കും. ജില്ലയിലെ എല്ലാ നിലയങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
കെ. ഹരികുമാർ
ജില്ലാ ഫയർ ഓഫീസർ, കൊല്ലം