കുണ്ടറ: കിഴക്കേകല്ലട പടപുഴ - കണ്ണൻമൂല റോഡിന്റെ നിർമ്മാണത്തിൽ അപാകതയെന്ന് നാട്ടുകാർ. അടുത്തിടെ റോഡിന്റെ സംരക്ഷണഭിത്തി ഒരടിയോളം ഉയർത്തിയിട്ടും മഴ ശക്തമായതോടെ ചിറ്റുമല ചിറയിൽ നിന്ന് വെള്ളമുയർന്ന് റോഡും സംരക്ഷണഭിത്തിയും ഉൾപ്പെടെ മുങ്ങി. പലതവണകളായി ലക്ഷങ്ങൾ ചെലവഴിച്ച് പുനർനിർമ്മിച്ച റോഡിനാണ് ഈ ദുരവസ്ഥ.
ചിറ്റുമല ചിറയുടെ കരയിലായി പടപുഴ മുതൽ കണ്ണൻമൂല വരെ ഏകദേശം രണ്ട് കിലോമീറ്റർ ദൂരമാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. മുൻകാലങ്ങളിൽ മഴക്കാലമായാൽ ആറ് മാസത്തോളം റോഡ് സഞ്ചാരയോഗ്യമല്ലാതെയാകും. ഇതേതുടർന്ന് 2012ൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവാക്കി റോഡിന്റെ ഉയരം അഞ്ചടിയോളം വർദ്ധിപ്പിച്ചു. എന്നാൽ മഴക്കാലമായതോടെ റോഡ് വീണ്ടും വെള്ളത്തിനടിയിലായി.
നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവാക്കി റോഡിന്റെ ഉയരം വീണ്ടും വർദ്ധിപ്പിച്ച് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ചിറയുടെ വശത്തായി ഒരടിയോളം ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമ്മിച്ചു. നിർമ്മാണ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ ചിറയിലെ ജലനിരപ്പ് ഉയർന്നതോടെ പുതുതായി നിർമ്മിച്ച സംരക്ഷണ ഭിത്തിയും റോഡും ഉൾപ്പെടെ വെള്ളത്തിനടിയിലായി.
പ്രതിഷേധവുമായി നാട്ടുകാർ
റോഡിൽ വെള്ളം കയറിയതോടെ പ്രദേശത്തെ 50 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സംരക്ഷണഭിത്തി ഏകദേശം മൂന്ന് അടിയോളം ഉയർത്തി മണ്ണിട്ട് നികത്തിയെങ്കിൽ മാത്രമേ ചിറ്റുമല ചിറയിൽ നിന്ന് വെള്ളം റോഡിലേക്ക് കയറാതിരിക്കൂ. നിലവിലെ നിർമ്മാണ പ്രവൃത്തികൾ നിറുത്തിവച്ച് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് റോഡ് കൂടുതൽ ഉയർത്തി നിർമ്മിച്ചാൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ. വിദഗ്ദ്ധരുടെ ഉപദേശം തേടിയശേഷം വേണം പുനർനിർമാണം നടത്താൻ. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടിയുമായി മുന്നോട്ടുപോകും.
ശിവശങ്കര പിള്ള (പ്രസിഡന്റ്, ബി.ജെ.പി കിഴക്കേകല്ലട പഞ്ചായത്ത് കമ്മിറ്റി)
കൈത്തോടുകൾ പലതും അടഞ്ഞുകിടക്കുന്നതാണ് വെള്ളമുയരാനുള്ള പ്രധാന കാരണം. ചിറയിൽ നടുത്തോടിന്റെ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആറേകാൽ കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി വരികയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ വെള്ളമൊഴുകി പോകുന്നതിനുള്ള സാഹചര്യം ഉണ്ടാകും.
വിജയൻ (വാർഡ് മെമ്പർ)