boat
വല നിറയെ... നിയന്ത്രണങ്ങൾക്ക് ശേഷം കടലിൽ മത്സ്യബന്ധനത്തിന് പോയി വല നിറയെ മീനുമായി തിരികെയെത്തിയ മത്സ്യത്തൊഴിലാളികൾ. കൊല്ലം വാടിയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: ഡി. രാഹുൽ

 കൂടുതലായി ലഭിച്ചത് വിലകുറഞ്ഞ മത്സ്യങ്ങൾ

കൊല്ലം: ഇന്നലെ കടലിൽ പോയ ഒട്ടുമിക്ക വള്ളങ്ങൾക്കും വല നിറയെ മീൻ ലഭിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ മനം നിറഞ്ഞില്ല. വില കാര്യമായില്ലാത്ത മത്സ്യങ്ങളാണ് ഭൂരിഭാഗം വള്ളക്കാർക്കും ലഭിച്ചത്.

താട, കുറ്റ, സി.ഡി കാരൽ, ഉലുവാച്ചി തുടങ്ങിയ ഇനങ്ങളാണ് വലയിൽ കൊരുത്തത്. വാടിയിലെ വള്ളക്കാർക്ക് കാരലും കിളിമീനും ലഭിച്ചതാണ് അല്പം ആശ്വാസം. സിഡി കാരൽ കൂടുതലായെത്തിയപ്പോൾ വാങ്ങാതെ കച്ചവടക്കാർ മാറി നിന്നു. ഇതോടെ ഹാർബർ മാനേജ്മെന്റ് നിശ്ചയിച്ചിരുന്നതിനേക്കാൾ വില താഴ്ന്നു. പിന്നീട് മത്സ്യഫെഡ് ഏറ്റെടുത്തതോടെയാണ് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായത്.

ഇടയ്ക്ക് ആവോലി എത്തിയപ്പോഴാണ് പോർട്ട് കൊല്ലം ഹാർബർ അല്പം ആവേശത്തിലായത്. ശക്തികുളങ്ങരയിലെ ബോട്ടുകൾക്ക് നാരനും കഴന്തനുമാണ് കൂടുതലായും ലഭിച്ചത്. ശക്തികുളങ്ങരയിൽ കച്ചവടക്കാർ കുറവായതിനാൽ കഴന്തനും കണവയും കിട്ടിയ ബോട്ടുകൾ ഹാർബറിൽ ചരക്ക് ഇറക്കിയില്ല. ബോട്ടിലെ സ്റ്റോറിൽ സൂക്ഷിച്ചിരിക്കുന്ന മത്സ്യം വില ഉയരുകയാണെങ്കിൽ മാത്രമേ ഇന്ന് ഹാർബറിൽ ഇറക്കൂ.

ബൂധനാഴ്ച വൈകിട്ട് നാല് മുതൽ ഇന്നലെ നാല് വരെ രജിസ്ട്രേഷൻ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വള്ളങ്ങളാണ് കടലിൽ പോയത്. ഇന്നലെ നാല് മണിക്ക് ശേഷം ഇരട്ട അക്ക വള്ളങ്ങൾ പണിക്കിറങ്ങി.

വല നിറഞ്ഞാൽ വില കുറയും

കഴിഞ്ഞമാസം ആദ്യം മത്സ്യബന്ധനം നിറുത്തിവയ്ക്കുമ്പോൾ നിലവിലുണ്ടായിരുന്ന വിലയാണ് കൊല്ലം തീരത്ത് ഹാർബർ മാനേജ്മെന്റ് കമ്മിറ്റി വീണ്ടും നിശ്ചയിച്ചിരിക്കുന്നത്. മത്സ്യലഭ്യത ഉയർന്നാൽ ഇന്നോ നാളെയോ വില താഴ്ത്തി നിശ്ചയിക്കും.

ഇനം വില (കിലോ)

നെയ്മീൻ (ചെറുത്) - 650

നെയ്മീൻ (വലുത്) - 750

ചൂര (ഇടത്തരം)-200

ചാള- 220

നെത്തോലി-100

കാരൽ-90

താട-110

സി.ഡി കാരൽ വലുത്- 120