ഉറുകുന്നിൽ വ്യാപാരിയടക്കം ഒരു കുടംബത്തിലെ 4 പേർക്ക്
പുനലൂർ: തെന്മല പഞ്ചായത്തിലെ ഉറുകുന്ന് ആറാം വാർഡിൽ വ്യാപാരിയടക്കം ഒരു കുടുംബത്തിലെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉറുകുന്നിലെ വ്യാപാരിക്ക് പുറമേ ഇദ്ദേഹത്തിന്റെ ഭാര്യ, മകൻ, മാതാവ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത് കണക്കിലെടുത്ത് ഉറുകുന്ന് ജംഗ്ഷനിലെ വ്യാപാര ശാലകൾ ഒഴിച്ചുള്ള എല്ലാ സ്ഥാപനങ്ങളും പൊലീസ് അടപ്പിച്ചു. ഒരു കുടുംബത്തിലെ 4 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇവർ താമസിക്കുന്ന ആറാം വാർഡിൽ പൊലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ഉറുകുന്നിൽ നിന്നാരംഭിക്കുന്ന ഒറ്റയ്ക്കൽ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡ് അടച്ചുപൂട്ടി. സമീപത്തെ തേക്കുംകൂപ്പ് വാർഡിൽ 11 പേർക്കാണ് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിലെ ഭർത്താവ്, ഭാര്യ, മക്കൾ ഉൾപ്പെടെ 7പേർക്കും അയൽവാസിയും സഹോദരങ്ങളുമായ രണ്ട് പേർക്കും സമീപത്തെ ആറ്റുകടവ് സ്വദേശിനികളായ രണ്ട് പേർക്കുമാണ് നേരത്തേ രോഗം സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇടമൺ - 34 ജംഗ്ഷനിലെ പച്ചക്കറി, പലചരക്ക്, റേഷൻ കടകൾ എന്നിവയൊഴിച്ചുള്ള കടകൾ അടപ്പിച്ചിക്കുകയും ആയിരനെല്ലൂർ - ഇടമൺ - 34 റോഡും ഇട റോഡുകളും അടച്ച് പൂട്ടുകയും ചെയ്തിരുന്നു.
2 വാർഡുകളിലും നിരീക്ഷണം
തെന്മല സി.ഐ എം.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേക്കുംകൂപ്പ്, ഉറുകുന്ന് ആറ് എന്നീ വാർഡുകളിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്. തേക്കുംകൂപ്പ് വാർഡിലെ താമസക്കാർക്ക് ആവശ്യസാധാനങ്ങൾ വാങ്ങി നൽകാൻ സന്നദ്ധ സംഘടനാ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്. വാർഡിലെ താമസക്കാർ അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് കർശന നിർദ്ദേശം നൽകി.
ഇന്നലെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധന നടത്തിയ 200 പേരുടെ ഫലവും നെഗറ്റീവാണ്.
ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ