handcuff

കൊല്ലം: യുവാക്കളെ ആക്രമിച്ച് കവർച്ച നടത്തി കടക്കാൻ ശ്രമിച്ചവരെ കിളികൊല്ലൂർ പൊലീസ് സാഹസികമായി പിടികൂടി. കിളികൊല്ലൂർ ഒരുമ നഗർ നിഷാദ് മൻസിൽ നിയാസ്, ഇരവിപുരം താഴത്തുചേരിയിൽ മിറാഷി മൻസിലിൽ മിറാസ് എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച ഷാപ്പുമുക്ക് പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് സംഭവം. ഇവിടെ നിന്ന യുവാക്കളെ ആക്രമിച്ച് മൊബൈൽ ഫോൺ, കഴുത്തിൽ കിടന്ന സ്വർണമാല, ഇവരുടെ പക്കലുണ്ടായിരുന്ന 2000 രൂപ എന്നിവ പ്രതികൾ അപഹരിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കിളികൊല്ലൂർ സി.ഐ വി.വി. അനിലിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.

വിവിധ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇവർ. കിളികൊല്ലൂരിന് പുറമെ കുണ്ടറ, ഇരവിപുരം പൊലീസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകളുണ്ട്.