anishmol-17

കൊട്ടാരക്കര: വീടിനുള്ളിൽ പതിനേഴുകാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കലയപുരം അന്തമൺ പുത്തൻവീട് വടക്കേതിൽ ബെന്നിയുടെയും കൊച്ചുമോളുടെയും മകൾ അനീഷാമോളെയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ജനാലയിൽ കയർ കെട്ടി കാലുകൾ തറയിൽ ഉറച്ച നിലയിലായിരുന്നു മൃതദേഹം. ഇതാണ് സംശയം ഉളവാക്കിയത്.

വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ കശുവണ്ടി തൊഴിലാളിയായ അമ്മ ജോലികഴിഞ്ഞ് എത്തിയപ്പോഴാണ് അനീഷയെ മരിച്ച നിലയിൽ കണ്ടത്. സഹോദരൻ അനീഷ് പകൽ മൂന്നുവരെ വീട്ടിലുണ്ടായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നില്ല. വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്ന അനീഷാ നല്ല മാർക്ക് നേടിയാണ് വിജയിച്ചത്.
സംശയത്തെ തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.