ഒടുവിൽ പൊലീസ് പിടികൂടി
കൊല്ലം: കടപുഴ പാലത്തിൽ നിന്ന് കുത്തൊഴുക്കുള്ള കല്ലടയാറ്റിലേക്ക് ചാടിയയാൾ രക്ഷപ്പെടുത്താനെത്തിയ ഫയർഫോഴ്സ് സംഘത്തെ കബളിപ്പിച്ച് കടന്നുകളഞ്ഞു. വിളന്തറ ലക്ഷ്മി ഭവനത്തിൽ കറുത്ത പാണ്ടി എന്ന് വിളിക്കുന്ന തമ്പിയാണ് (58) ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിംഗ് സംഘത്തെ തന്നെ പറ്റിച്ച് കടന്ന മുങ്ങൽ വിദഗ്ദ്ധൻ.
ഇന്നലെ രാവിലെയാണ് സംഭവം. സൈക്കിളിലെത്തി വസ്ത്രങ്ങളും ചെരിപ്പും ഊരിവച്ച് തോർത്ത് മുണ്ടുടത്ത ശേഷം ഇയാൾ 25 അടിയോളം ആഴമുള്ള ആറ്രിലേക്ക് എടുത്ത് ചാടുകയായിരുന്നു. ഇതുകണ്ട് സ്ഥലത്തുണ്ടായിരുന്ന ഒരു സ്ത്രീ പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് കുണ്ടറ അഗ്നിശമന സേന സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഒടുവിൽ ജില്ലാ സ്കൂബാ ടീമിന്റെ സഹായം തേടി. സ്കൂബാ ടീം നാല് മണിക്കൂറോളം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. നേരം വൈകിയതിനെ തുടർന്ന് തെരച്ചിൽ അവസാനിപ്പിച്ച് സേന മടങ്ങി.
ഇതിനിടെ ആറ്റിൽ ചാടിയ തമ്പിയെ സമീപത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്റിൽ ചാടിയ ഇയാൾ ആരുംകാണാതെ കരയ്ക്ക് കയറി കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കുകയായിരുന്നു. തെരച്ചിൽ കഴിഞ്ഞ ഫയർഫോഴ്സ് സംഘം മടങ്ങുന്നത് കണ്ട് രക്ഷപ്പെടുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. മാനസികനില തെറ്റിയയാളാണ് ഇയാളെന്നും ആറ് മാസം മുമ്പും ഇത്തരത്തിൽ ആറ്റിൽ ചാടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.