dra
ഡ്രാഗൺഫ്രൂട്ട്സ് ചെടിയ്ക്കൊപ്പം രാധാകൃഷ്ണൻ ഉണ്ണിത്താൻ

കൊല്ലം: ഒരാൾ പൊക്കത്തിൽ കോൺക്രീറ്റ് തൂണുകളിൽ നിരനിരയായി പൂത്ത് കായ്കൾ നിറഞ്ഞ് നിൽക്കുന്ന ഡ്രാഗൺ ഫ്രൂട്ട്സ് തോട്ടം. മെക്സിക്കോയിലും മദ്ധ്യ അമേരിക്കൻ പ്രദേശങ്ങളിലോ അല്ല, തഴവയിലെ പാവുമ്പയെന്ന ഗ്രാമത്തിലാണ് ഡ്രാഗൺ വസന്തം. പാവുമ്പ പാലമൂടിന് സമീപം നെല്ലിപ്പള്ളിൽ വീട്ടിൽ (തേജസ്) റിട്ട. നേവി ഉദ്യോഗസ്ഥനായ ആർ.കെ. രാധാകൃഷ്ണനുണ്ണിത്താന്റെ വീട്ടിലാണ് അര ഏക്കറോളം സ്ഥലത്ത് ഡ്രാഗൺ ചെടികൾ ഫലസമൃദ്ധി ചൊരിയുന്നത്.

നേവിയിൽ ജോലിയിലിരിക്കെ ഒപ്പം ജോലി ചെയ്തിരുന്നവരിൽ നിന്നാണ് രാധാകൃഷ്ണൻ ഉണ്ണിത്താൻ ഡ്രാഗൺ ഫ്രൂട്ട്സിനെപ്പറ്റി അറിയുന്നത്. കാഴ്ചയിലെയും രുചിയിലെയും കൗതുകത്തിനൊപ്പം ഡ്രാഗണെപ്പറ്റിയുള്ള അറിവുകൾ അത്ഭുതമാകുകയും ചെയ്തപ്പോൾ മൂന്നുവർഷം മുമ്പ് ജോലിയിൽ നിന്ന് പിരിഞ്ഞശേഷം പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷിയിലേക്ക് ഇറങ്ങിയത്.

അടൂരുള്ള സുഹൃത്ത് മുഖാന്തിരം നാൽപ്പത് മൂട് ചെടികൾ വാങ്ങി പത്ത് തൂണുകളിലായി നട്ടുവളർത്തിയായിരുന്നു തുടക്കം. ഒരു തൂണിൽ നാല് ചെടികൾ വീതം നട്ടു. ചെടികൾ നട്ട് നനയ്ക്കലും വളം ചേർക്കലിനുമൊന്നും പരസഹായമില്ല. രാസവളങ്ങളും കീടനാശിനികളും ഇഷ്ടമല്ലാത്തതിനാൽ ചാണകവും പച്ചില അടക്കമുള്ള കമ്പോസ്റ്റുകളുമാണ് വളമായി നൽകിയത്. ഒന്നരവർഷത്തെ പരിപാലനത്തിൽ മികച്ച വരുമാനം ലഭിച്ചതോടെ കൃഷി അറുപത് മൂടുകളിലേക്ക് വളർന്നു.

മേയ് മാസം മുതൽ അടുത്ത ഡിസംബർ വരെ തുടർച്ചയായി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതിനാൽ ഒരു ചെടിയിൽ നിന്ന് ശരാശരി അഞ്ച് കിലോ വരെ ഡ്രാഗൺഫ്രൂട്ട്സ് ലഭിക്കും. ഒറ്രത്തവണത്തെ മുതൽ മുടക്കിൽ രണ്ടരപതിറ്റാണ്ടുവരെ വിളവെടുക്കാം. പാവുമ്പയിൽ കൃഷി വകുപ്പിന് കീഴിലുള്ള വിപണിയിലാണ് ഡ്രാഗൺ ഫ്രൂട്ട്സിന്റെ വിൽപ്പന.

വില: 200 രൂപ (കിലോഗ്രാം)

ഒരു ഡ്രാഗൺഫ്രൂട്ട് തൂക്കം: 550 ഗ്രാം

രാസവളം പ്രയോഗിച്ചാൽ: 800 ഗ്രാം വരെ

നാല് ചെടികൾ വീതം ഒരുമൂടിനുള്ള ചെലവ്

ചെടികൾ പടർത്താനുള്ള തൂൺ: 800 രൂപ

നാല് തൈകൾ 200 രൂപ നിരക്കിൽ: 800രൂപ

 വളം പ്രയോഗത്തിനനുസരിച്ച്

ഗുണങ്ങൾ

പ്രോട്ടീൻ, ഫാറ്റ്, ഫൈബർ, വൈറ്റമിൻസ്, അയൺ, മഗ്നീഷ്യം തുടങ്ങിയ ഘടകങ്ങളാൽ കലോറി സമ്പുഷ്ടം. ചുവപ്പ്, വെള്ള നിറങ്ങളിൽ ലഭ്യമാണെങ്കിലും ചുവപ്പിനാണ് മധുരവും ഗുണവും.

''

വിപണനസാദ്ധ്യതയും ലാഭവും തിരിച്ചറിഞ്ഞതോടെ ധാരാളം പേർ ചെടി അന്വേഷിച്ചുവരുന്നുണ്ട്. കൃഷി ചെയ്യാൻ താൽപ്പര്യപ്പെട്ട് എത്തിയവർക്കായി ബഡ് ചെയ്ത തൈകൾ ഉൽപ്പാദിപ്പിക്കുന്ന നഴ്സറി റെഡിയായിവരുന്നു. നൂറ് തൈകളാണ് വിൽപ്പനയ്ക്കുള്ളത്.

ആർ.കെ. രാധാകൃഷ്ണൻ ഉണ്ണിത്താൻ