പ്രാഥമിക പരിശോധന നടത്തി
അഞ്ചാലുംമൂട് : തൃക്കരുവ പഞ്ചായത്തിലെ പ്രാക്കുളത്ത് നിന്ന് കുരീപുഴയിലേക്ക് പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. വസ്തുയേറ്റെടുപ്പുൾപ്പെടെയുള്ള കടമ്പകൾ ലഘൂകരിക്കുന്ന തരത്തിലാവും പദ്ധതി സമർപ്പിക്കുകയെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു. പ്രാക്കുളം സാമ്പ്രാണിക്കോടിയിലെ നിലവിലുള്ള റോഡിൽ നിന്ന് കുരീപ്പുഴ പള്ളിക്ക് സമീപത്തുകൂടി പാലം നിർമ്മിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. പാലത്തിൽ നിന്ന് ബൈപാസിലേക്കെത്താനും ദൂരം കുറയ്ക്കുന്ന തരത്തിലാവും നിർമ്മാണം. ഇത്തരത്തിലാകുമ്പോൾ പാലത്തിന്റെ നീളം കുറയുകയും വസ്തു വേഗത്തിൽ ഏറ്റെടുക്കാൻ കഴിയുകയും ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. സാമ്പ്രാണിക്കോടിയിൽ നടന്ന പ്രാഥമിക പരിശോധനയിൽ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം എക്സി. എൻജിനീയർ ദീപ, രാജേഷ്, എം.എൽ.എയുടെ പ്രതിനിധി ഷെഫീഖ്, തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ പിള്ള എന്നിവർ പങ്കെടുത്തു.
കേരളകൗമുദിയുടെ ഇടപെടൽ
2016ൽ പ്രാക്കുളം ഫ്രണ്ട്സ് ഗ്രന്ഥശാലയാണ് പ്രാക്കുളം - കുരീപ്പുഴ പാലം എന്ന ആശയവുമായി രംഗത്തെത്തിയത്. ആശയ ക്രോഡീകരണവും ഒപ്പ് ശേഖരണവുമായി ഗ്രന്ഥശാല പ്രവർത്തകർ മുന്നോട്ട് പോകുന്ന അവസരത്തിൽ വിഷയം അധികൃതരിലെത്തിക്കാൻ 'കേരളകൗമുദി' മുൻകൈയെടുക്കുകയും പാലം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നിരന്തരം വാർത്തകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. വാർത്ത കണ്ട എം. മുകേഷ് എം.എൽ.എ ജനപ്രതിനിധികളുമായി ചർച്ച നടത്തുകയും പാലം എന്ന ആശയം ധനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തു.
ചുവപ്പ് നാടയിൽ കുരുങ്ങി പാലം നിർമ്മാണത്തിന് കാലതാമസം വരാതിരിക്കാനുള്ള ഇടപെടലുമുണ്ടാകും. പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ പൊതുമാരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി വേഗത്തിലാക്കാൻ നിരന്തര ഇടപെടലുണ്ടാകും.
എം. മുകേഷ് എം.എൽ.എ
പ്രാഥമികാനുമതി നൽകിയത് മന്ത്രി തോമസ് ഐസക്ക്
ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണ വേളയിൽ വിവിധ പദ്ധതികൾക്കായി 1500 കോടി രൂപ വകയിരുത്തിയ ശേഷം മന്ത്രി ഡോ. തോമസ് ഐസക്കാണ് പാലത്തിന് പ്രാഥമിക അനുമതി നൽകിയത്. പാലം പൂർത്തിയായാൽ പ്രാക്കുളം, കാഞ്ഞാവെളി, അഷ്ടമുടി ഭാഗങ്ങളിലുള്ളവർക്ക് നീണ്ടകര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ ഒരുമണിക്കൂറോളം സമയം ലാഭിക്കാൻ കഴിയും. പ്രാക്കുളം - കുരീപ്പുഴ പാലം ഒരു ജനതയുടെ സ്വപ്നമാണ്.