utra

കൊല്ലം: ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിൽ സൂരജിനെ മാത്രം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചതിലൂടെ അന്വേഷണ സംഘം ലക്ഷ്യമിടുന്നത് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കൽ. ഉത്രയെ കൊലപ്പെടുത്തി ഒഴിവാക്കാമെന്ന തീരുമാനത്തിലേക്ക് സൂരജ് എത്തിയത് സൂരജിന്റെ കുടുംബത്തിന്റെ അറിവോടെയാണെന്ന സംശയം ഉയർന്നെങ്കിലും കുറ്റപത്രത്തിൽ അത്തരം പരാമർശങ്ങളില്ല.
ഗൂഢാലോചനയും കൂടുതൽ പ്രതികളെ കുറിച്ചുള്ള വിവരങ്ങളും രണ്ടാം കുറ്റപത്രത്തിൽ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. സൂരജിന്റെ അമ്മ രേണുക, സഹോദരി, സുഹൃത്തുക്കൾ എന്നിവരെ പല തവണ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

ഫെബ്രുവരി 29നാണ് ഉത്രയെ കൊലപ്പെടുത്താൻ ആദ്യം ശ്രമിച്ചത്. പിന്നീടാണ് മാർച്ച് 2ന് രാത്രിയിൽ ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചത്. കടിയേറ്റ് ഉത്രയുടെ കാലിലെ മാംസം അടർന്നുപോയി. നിലവിളിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാതെ വേദന സംഹാരി ഗുളികകൾ നൽകി.

ഒരു തരത്തിലും രക്ഷപ്പെടില്ലെന്ന് തീർച്ചപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 16 ദിവസം ഐ.സി.യുവിൽ ഉൾപ്പെടെ 52 ദിവസം സ്വകാര്യ മെഡിക്കൽ കോളേജിൽ ഉത്ര ചികിത്സയിൽ കഴിഞ്ഞു. മരുന്ന്, ആശുപത്രി ബിൽ ഉൾപ്പെടെ 10 ലക്ഷത്തോളം രൂപ ചികിത്സയ്ക്ക് ചെലവായി. രണ്ട് തവണ വധശ്രമം പാളിപ്പോയതിനാൽ മേയ് ഏഴിന് പുലർച്ചെ ഉത്രയുടെ കുടുംബ വീട്ടിൽ വച്ച് സൂരജ് കൊല നടത്തിയത് വലിയ ആസൂത്രണത്തോടെയാണ്.