തഴവ : തൊഴിലുറപ്പ് തൊഴിലാളിക്കും പശ്ചിമബംഗാളിൽ നിന്നെത്തിയ സൈനികനും പുറമേ തഴവ മണപ്പള്ളിയിൽ ഒരുകുടുംബത്തിലെ മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തഴവയിൽ സ്ഥിതിഗതികൾ ഗുരുതരമായി. തഴവ മണപ്പള്ളി എൻ.എസ്.എസ് സ്കൂളിന് സമീപമാണ് ഒരുകുടുംബത്തിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചത്. ഈ വീട്ടിലെ യുവാവ് പനിയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പനി കുറവില്ലാത്തതിനാൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിൽ വ്യാഴാഴ്ച രാത്രിയോടെ ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഭാര്യയ്ക്കും മകൾക്കും രോഗം കണ്ടെത്തിയത്. കൊവിഡിന് പുറമേ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കൂടി പ്രകടമാക്കിയ യുവാവിനെ പാരിപ്പള്ളി കൊവിഡ് ആശുപത്രിയിലേക്കും ഭാര്യയേയും മകളെയും കരുനാഗപ്പള്ളിയിലെ കൊവി‌ഡ് ട്രീറ്റ് മെന്റ് സെന്ററിലേക്കും മാറ്റിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധനാഫലം നെഗറ്റീവായതിനാൽ കുടുംബത്തിലെ മറ്റ് നാലംഗങ്ങളെ വീട്ടിൽ നിരീക്ഷണത്തിലാക്കി. യുവാവിന്റെയും കുടുംബത്തിന്റെയും രോഗ ബാധയെ തുടർന്ന് സമീപത്തെ പള്ളിയിൽ പ്രാർത്ഥനകൾക്കും മറ്റും ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കി. യുവാവിന്റെയും കുടുംബത്തിന്റെയും സമ്പർക്കപ്പട്ടിക വിപുലമായത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഏനാത്ത് കുലക്കടയിൽ ജീവനക്കാരനായിരുന്ന യുവാവ് കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ തന്നെയായിരുന്നു. കുലക്കടയിൽ ജോലിയ്ക്കിടെയോ യാത്രയിലോ ഉണ്ടായ സമ്പർക്കമാകാം രോഗ വ്യാപനത്തിന് കാരണമെന്ന് കരുതുന്നു.