കൊവിഡ് പ്രതിസന്ധി ലോകത്തെയാകെ നിശ്ചലമാക്കിയാണ് പിടിമുറുക്കിയത്. ഈ അവസരത്തിൽ സന്ദർഭോചിതമായ ഒരു സന്ദേശം അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു കർഷകൻ.
തന്റെ പതിമൂന്ന് ഏക്കറോളമുള്ള ചോളപ്പാടത്ത് കൊവിഡിനെതിരെ ഒരു വാചകം കുറിച്ചാണ് ജോൺസൺ എന്ന കർഷകൻ ഇന്റർനെറ്റ് കീഴടക്കിയിരിക്കുന്നത്. 'കൊവിഡ് ഗോ എവേ' എന്ന് വായിക്കുന്ന രീതിയിൽ ചോളം നട്ടാണ് ഇയാൾ ശ്രദ്ധനേടിയത്. സെപ്തംബർ 12 മുതൽ ഇവിടം സന്ദർശകർക്കായി തുറക്കും.
പാടത്തിന്റെ ഒരറ്റത്തുകൂടി അകത്ത് പ്രവേശിച്ചാൽ കോവിഡിനെ ഭീഷണിപ്പെടുത്തുന്ന ഈ വാചകം കണ്ട് പുറത്തിറങ്ങാൻ കഴിയുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. സന്ദർശകരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവിടേക്ക് പ്രവേശിപ്പിക്കുക. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജോൺസൺ പറയുന്നു.
തന്റെ കൃഷിപ്പാടത്തിന്റെ ആകാശക്കാഴ്ച ജോൺസൺ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോഴാണ് സംഗതി ഹിറ്റായത്. നിരവധി ആളുകളാണ് കമന്റും ഷെയറുമായി പോസ്റ്റിലെത്തുന്നത്. എല്ലാവർക്കും തോന്നുന്ന അതേ കാര്യമാണ് അവിടെ കുറിച്ചിരിക്കുന്നതെന്നും കാഴ്ചയിൽ വളരെ മികച്ചതാണെന്നുമൊക്കെ ആളുകൾ കുറിച്ചു.