photo

അഞ്ചൽ: റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിൽ പൂർണ തൃപ്തരാണെന്ന് ഉത്രയുടെ പിതാവ് വിജയസേനൻ പറഞ്ഞു. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയത് അന്വേഷണ മികവാണ്. ആദ്യഘട്ടത്തിൽ കേസന്വേഷിച്ച അഞ്ചൽ പൊലീസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് റൂറൽ എസ്.പിക്ക് പരാതി നൽകിയത്. തെളിവുകളെയും സാക്ഷികളെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞതിനാൽ നീതി ലഭിക്കുമെന്ന വിശ്വാസമാണുള്ളതെന്നും വിജയസേനൻ പറ‌ഞ്ഞു.സൂരജിനെ മകനായാണ് കണ്ടിരുന്നതെന്ന് ഉത്രയുടെ മാതാവ് മണിമേഖല പറഞ്ഞു. അതിനാൽ ആദ്യഘട്ടത്തിൽ അവനെ പൂർണമായും വിശ്വസിച്ചു. കൊലപാതകശേഷമുള്ള സൂരജിന്റെ പെരുമാറ്റമാണ് സംശയമുണ്ടാക്കിയത്. വാവ സുരേഷും മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയതാണെന്ന് വിശ്വസിച്ചത്. സൂരജിന് പരമാവധി ശിക്ഷ ലഭിച്ചാലേ മകളുടെ ആത്മാവിന് ശാന്തി ലഭിക്കൂ എന്നും മണിമേഖല പറഞ്ഞു. സൂരജിന്റെ കുടുംബാംഗങ്ങൾക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ഉത്രയുടെ സഹോദരൻ വിഷു പറഞ്ഞു.