cat

ഓരോ പൂച്ച പ്രേമികൾക്കും പൂച്ചകളെക്കുറിച്ച് ഒരായിരം കഥകൾ പറയാനുണ്ടാകും. എന്നാൽ പൂച്ചകൾക്കുള്ള ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ജപ്പാനിലുണ്ട് ഒരു പൂച്ച ക്ഷേത്രം. കൊയൂകി എന്ന സന്യാസി പൂച്ചയാണ് ആരാധനാലയത്തിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.

ജപ്പാനിൽ മാത്രമല്ല, സോഷ്യൽമീഡിയയിലും താരമാണ് കോയൂക്കി സന്യാസി. സ്വന്തമായി ഇൻസ്റ്റഗ്രാം പേജുമുണ്ട്.

ന്യാൻ ന്യാൻ ജി അഥവാ മ്യാവൂ മാവ്യൂ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ജപ്പാനിലെ ക്യോട്ടോവിലാണ്. ഈ പൂച്ച ക്ഷേത്രത്തിലെ പ്രധാന സന്യാസിയാണ് കൊയൂക്കി പൂച്ച. മ്യാവു മ്യാവു ഷ്രൈനിലെ സന്യാസി തലവനായ കൊയൂകി പൂച്ചയിൽ നിന്നും അനുഗ്രഹം വാങ്ങാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്. മാത്രവുമല്ല തന്നെ കാണാനെത്തുന്ന ഭക്തരെ കൊയൂകിക്ക് വലിയ കാര്യവുമാണ്. മനുഷ്യരുമായി വളരെ ഇണക്കമുള്ള സ്വഭാവമാണ് കൊയൂകിയ്ക്ക്.

കേൾക്കുമ്പോൾ വിചിത്രമായി തോന്നാം, സംഗതി സത്യമാണ്. പൂച്ച ദർശനം മാത്രമല്ല, ക്ഷേത്രത്തിൽ സന്ദർശകർക്കായി വിഭവ സമൃദ്ധമായ ഭക്ഷണവുമുണ്ട്. കാശ് മുടക്കി ഓർഡർ ചെയ്ത് കഴിക്കണം എന്നുമാത്രം. ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണ പദാർത്ഥങ്ങൾ, ഗ്ലാസ്, പ്ലേറ്റ്, മേശ, കസേര എന്നു വേണ്ട എവിടെ നോക്കിയാലും പൂച്ചകളുടെ പശ്ചാത്തലം കാണാൻ സാധിക്കും. പൂച്ചകളെ ആസ്‌പദമാക്കിയുള്ള നിരവധി ശിൽപങ്ങളും പെയിന്റിംഗുകളും മറ്റ് അലങ്കാര വസ്‌തുക്കളും മ്യാവു മ്യാവു ഷ്രൈനിലുണ്ട്.

പൂച്ച പ്രേമിയായ ചിത്രകാരനായ ടോറു കായ എന്നയാളാണ് പൂച്ച ക്ഷേത്രം തുറന്നത്. പൂച്ചകളുടെ ചിത്രവും പ്രതിമകളുമാണ് ക്ഷേത്രം നിറയെ. ഏഴ് പൂച്ചകളാണ് ക്ഷേത്രത്തിലുള്ളത്. വാക്ക, ചിൻ, അരൂജി, റെൻ, കൊനാസ്തു, ചിച്ചി, പിന്നെ കൊയൂക്കിയും. 2016 ലാണ് പൂച്ച ക്ഷേത്രം തുറന്നത്. വേറെയും ഏഴ് പൂച്ചകളുണ്ടെങ്കിലും കൂട്ടത്തിൽ പ്രധാനി കൊയൂക്കി തന്നെ. ആരാധകർ കൂടുതലുള്ളതും കൊയൂക്കിക്ക് തന്നെ.